Connect with us

Wayanad

സേവന മേഖല തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു: സത്യന്‍ മൊകേരി

Published

|

Last Updated

കല്‍പ്പറ്റ: മൂലധന ശക്തികളുടെ ചൊല്‍പ്പടിക്ക് വഴങ്ങി സേവന മേഖല തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രസ്താവിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ ഭേദഗതി തന്നെ ഈ ദിശയിലുള്ളതാണ്. ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ സ്ഥിരതയെന്നൊന്ന് ഇല്ലാതാവുകയാണ്. ഇതിനെതിരായ ചെറുത്തുനില്‍പ്പാണ് രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ഉയര്‍ത്തുന്നത്.
എന്നാല്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സംഘടിത പ്രതിഷേധങ്ങള്‍ പോലും കണക്കിലെടുക്കാതെയാണ് ഭരണകര്‍ത്താക്കള്‍ ഈ ദിശയില്‍ മുന്നോട്ടുനീങ്ങുന്നത്. സര്‍ക്കാര്‍ ഉദ്യോഗമെന്നാല്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിര സ്വഭാവമുള്ളതെന്ന പഴയ സങ്കല്‍പങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജന ശത്രുക്കളും പൊതുഖജനാവിലെ പണമാകെ തിന്നുന്നവരുമെന്ന ധാരണ പൊതുസമൂഹത്തില്‍ പരത്തുന്നത് ഈ ആസൂത്രത നീക്കത്തിന്റെ ഭാഗമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് പൊതുജനങ്ങള്‍ക്കും പൊതുപ്രസ്ഥാനങ്ങള്‍ക്കുമൊപ്പം നിലയുറപ്പിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്നും സത്യന്‍ മൊകേരി ഓര്‍മ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ രാജന്‍ അധ്യക്ഷനായിരുന്നു.
സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി, സ്വാഗതസംഘം ചെയര്‍മാന്‍ സി എസ് സ്റ്റാന്‍ലിന്‍, മുന്‍ ജില്ലാ പ്രസിഡന്റ് പി കെ ജയരാജന്‍, എം എം മേരി, കെവി വിനീത്, കെ മുരളി പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ആര്‍ സുഖലാല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത്ത്കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ എം ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രേണകുമാര്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
വനിതാ സമ്മേളനത്തില്‍ ഖദീജ അധ്യക്ഷയായിരുന്നു. സെക്രട്ടറി സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Latest