Connect with us

Wayanad

കര്‍ശന നടപടികളില്ല; ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകം

Published

|

Last Updated

കല്‍പ്പറ്റ: നിരോധം നില നില്‍ക്കുമ്പോഴും ജില്ലയില്‍ പാന്‍ മസാലകളുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകം. പെട്ടിക്കടകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന്.
അതിര്‍ത്തി പ്രദേശങ്ങളായ കുട്ട, തോല്‍പ്പെട്ടി, ബാവലി, ബൈരക്കുപ്പ, മുത്തങ്ങ, നമ്പ്യാര്‍കുന്ന്, എരുമാട് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍മസാലകള്‍ സുലഭമാണ്. ഈ സ്ഥലങ്ങളില്‍ നിന്നാണ് ബസ്സുകള്‍, ഏജന്‍സികള്‍ എന്നിവ വഴി ജില്ലയിലേക്ക് പാന്‍മസാലകള്‍ എത്തുന്നത്. രഹസ്യമായിട്ടാണ് ഇവ വില്‍ക്കുന്നത്. അധികൃതര്‍ പരിശോധന നടത്തിയാലും ഇവ എളുപ്പം പിടികൂടാന്‍ കഴിയാറില്ല.പിടികൂടിയാല്‍ തന്നെ പിഴതുക ഒടുക്കാന്‍ പാന്‍മസാല ലോബികള്‍ രംഗത്ത് വരികയാണ്. കടകളില്‍ അധികൃതര്‍ പരിശോധന നടത്തി മടങ്ങി കഴിയുമ്പോഴേക്കും വീണ്ടും പാന്‍ മസാലകള്‍ എത്തിക്കാനുള്ള സംഘങ്ങളും സജീവമാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാനന്തവാടി ടൗണിലെ കടകളില്‍ പരിശോധന നടത്തിയപ്പോഴൊന്നും കാര്യമായി പാന്‍മസാല പിടികൂടാനായില്ല. പലപ്പോഴും പരിശോധകള്‍ പ്രഹസനവുമാകും. പരിശോധന വിവരം മുന്‍കൂട്ടി കച്ചവടക്കാര്‍ അറിയുകയും പാന്‍ മാസലകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യും. ബാറുകള്‍ പൂട്ടിയതോടെ ലഹരിക്കൂട്ടാന്‍ കഞ്ചാവ് വില്‍പ്പനയും സജീവമാണ്. ബാവലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുണ്ട്. മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ എത്തുന്ന “കസ്റ്റമേഴ്‌സിന്” കഞ്ചാവ് എത്തിച്ചുകൊടുക്കാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികളും കഞ്ചാവിന് അടിമകളാകുകയാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്നവരെക്കുറിച്ച് പൊലീസ് രഹസ്യാനേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അധികരികളുടെ ഭാഗത്ത് നിന്നും കര്‍ശന നടപടികളുണ്ടാകാത്തതാണ് കഞ്ചാവ്, പാന്‍മാസല വില്‍പ്പക്കാര്‍ക്ക് കൊയ്ത്താകുകയാണ്.

Latest