Connect with us

Malappuram

ഫുട്‌ബോളില്‍ കൈവിട്ടത് ഹോക്കിയില്‍ തിരിച്ചുപിടിക്കാന്‍ മലപ്പുറത്തെ കുട്ടികള്‍

Published

|

Last Updated

മലപ്പുറം: സുബ്രതോ കപ്പില്‍ നിര്‍ഭാഗ്യത്തിന് കൈവിട്ടു പോയ ഫുട്‌ബോള്‍ കിരീടം ഹോക്കിയിലൂടെ തിരികെ പിടിക്കാന്‍ മലപ്പുറത്തെ കുട്ടികള്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറി.

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സ്‌കൂള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി സ്റ്റിക്ക് പിടിക്കുന്നത് മലപ്പുറം കോട്ടപ്പടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ടീമാണ്. ഇന്നലെ ഉച്ചക്ക് 2.30ന് തിരൂരില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ അവര്‍ യാത്ര തിരിച്ചു. മുപ്പതോളം ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഈമാസം 31നാണ് മലപ്പുറത്തിന്റെ ആദ്യ മത്സരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ബോയ്‌സ് ഹൈസ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ തറപറ്റിച്ചാണ് കഴിഞ്ഞ രണ്ടു തവണയും മലപ്പുറത്തെ കുട്ടികള്‍ സംസ്ഥാന ജേതാക്കളായത്. ടര്‍ഫില്‍ കളിച്ചു പരിചയമില്ലാത്തതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.
കായികാധ്യാപകന്‍ എം ഉസ്മാന്റെ കീഴില്‍ സ്‌കൂളിലെ ചരല്‍കല്ലുകള്‍ നിറഞ്ഞ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് ഇവര്‍ വിജയങ്ങള്‍ കീഴടക്കുന്നത്. ടര്‍ഫിലെ വേഗതക്കനുസരിച്ചുള്ള പരിശീലനമല്ല ടീമിന് ചരല്‍കല്ലുകള്‍ നിറഞ്ഞ ഗ്രൗണ്ടില്‍ നിന്നും ലഭിച്ചത്. മറ്റു ടീമുകളോട് പോരാട്ടത്തിന് ഇത് വെല്ലുവിളിയാണെന്ന തിരിച്ചറിവുണ്ടെങ്കിലും ഇവയെല്ലാം തരണംചെയ്യാനുള്ള ആത്മവിശ്വാസവുമായാണ് ടീം യാത്ര തിരിച്ചത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കുമ്പോള്‍ ഹോക്കി ടീമിന് കളിക്കാന്‍ പിന്തുണ നല്‍കാന്‍ ആരുമില്ലെന്നതും ഇവര്‍ക്ക് തടസമാകുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രക്ക് പണം കണ്ടെത്താന്‍ പോലും ടീം നന്നേ പാടുപെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അധ്യാപകര്‍ മുന്നിട്ടിറങ്ങിയതോടെയാണ് പണം അല്‍പമെങ്കിലും ലഭിച്ചതെന്ന് കുട്ടികളും പരിശീലകരും പറയുന്നു.
ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം 10,000 രൂപ, മലയില്‍ ഫുഡ്‌സ് 15,000, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ 10,000 എന്നീ തുകയാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. മലപ്പുറം നഗരസഭ 20,000 രൂപ നല്‍കാമെന്നേറ്റിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും 40,000 രൂപയും കൊടുക്കും. ഇത് തിരിച്ചുവന്നതിന് ശേഷം കണക്കു സമര്‍പ്പിച്ചാലെ ലഭിക്കുകയുള്ളു. ബാക്കി വരുന്ന തുക സ്‌കൂളിലെ അധ്യാപകര്‍ നല്‍കാമെന്നേറ്റിട്ടുണ്ട്. 16 അംഗ ടീമും പരിശീലകന്‍, മാനേജര്‍ തുടങ്ങി ഇരുപതു പേരാണ് യാത്രതിരിച്ചത്. ഇംനാദ് ഹര്‍ഷിദാണ് ടീം ക്യാപ്റ്റന്‍. കെ അജിത്, സല്‍മാനുല്‍ ഫാരിസ്(ഗോള്‍കീപ്പര്‍), പി കെ മുഹമ്മദ് അജ്മല്‍, കെ മുഹമ്മദ് ശഫീഖ്, ടി മുഹമ്മദ് ശഫീഖ്, എം മുഹമ്മദ് ഷിബില്‍, കെ അജിത്, സി അതുല്‍, കെ മുഹമ്മദ് ജാബിര്‍, ടി മുഹമ്മദ് ഇര്‍ശാദ്, ടി തശ്‌രീഫ് റോഷന്‍, പി നിഖില്‍, പി വിജില്‍, കെ വൈശാഖ്, യു രതീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. മുഖ്യപരിശീലകന്‍ ഉസ്മാന്‍, മാനേജര്‍ ജയിംസ് ജെ എടവൂര്‍, ഷിജിത്, റിയാസലി എന്നിവര്‍ പരിശീലന സഹായികളായും ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടീമിന് ഇന്നലെ സ്‌കൂളില്‍ യാത്രയയപ്പ് നല്‍കി.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം പ്രസിഡന്റ് ലത്തീഫ്, കുഞ്ഞിമുഹമ്മദ്, എ ഇ ഒ ജയപ്രകാശ് പങ്കെടുത്തു.

 

Latest