Connect with us

Malappuram

കോട്ടക്കല്‍ മുനിസിപ്പല്‍ ലീഗില്‍ വീണ്ടും കലാപം

Published

|

Last Updated

കോട്ടക്കല്‍: നഗരസഭ ഭരണത്തെ ചൊല്ലി മുസ്‌ലിം ലീഗില്‍ വീണ്ടും കലാപം. മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ നേതൃത്വം ഇടപ്പെട്ട് ഒതുക്കിയ കലാപമാണ് ഒരിടവേളക്ക് ശേഷം വീണ്ടും തല ഉയര്‍ത്തുന്നത്.
സെക്രട്ടറിയുടെ സ്ഥലം മാറ്റമാണിപ്പോള്‍ കാരണമായത്. വൈസ് ചെയര്‍മാനെ നോക്കുകുത്തിയാക്കി പാര്‍ട്ടിയിലെ ചിലര്‍ ഭരണം പിടിച്ചടക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നഗരസഭ സെക്രട്ടറി സ്ഥലംമാറിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നഗരസഭ സൂപ്രണ്ടിന് താത്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.
ഇയാളെ സ്ഥിരപ്പെടുത്തുന്നതിന് മുനിസിപ്പല്‍ ലീഗ് പ്രസിഡന്റും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ വ്യക്തി ശ്രമിക്കുന്നു വെന്നാണ് ആരോപണം. ഇതിനായി മന്ത്രി മഞ്ഞളാം കുഴി അലിയെ സ്വാധീനിച്ചെന്നും മറുപക്ഷം ആരോപിക്കുന്നു. കലാപം അണികളിലേക്കും വ്യാപിച്ചു തുടങ്ങിയതോടെ ഭരണ സമിതിയുടെ മിനുട്‌സ് ജില്ലാ നേതൃത്വം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്നലെ രാത്രി കമ്മിറ്റി യോഗവും ചേര്‍ന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ജീവമായെന്നാരോപിച്ചാണ് നേരത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നത്.
പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവ് നികത്താന്‍ കഴിയാതിരുന്നതും, ഭരണം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നടത്തുകയാണെന്നുമുള്ള ആരോപണവും ഒരു വിഭാഗം ഉയര്‍ത്തി.
പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ജില്ലാ നേതൃത്വത്തിന് രാജി നല്‍കി. ഇതെ തുടര്‍ന്ന് ജില്ലാ ലീഗ് നേതൃത്വം ഇടപ്പെട്ട് ഇരു പക്ഷത്തിനും തുല്യാ പ്രാധിനിത്യം നല്‍കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പ്രശ്‌നം ഒതുക്കി. ഇതിനിടയിലും പുകഞ്ഞ് കൊണ്ടിരുന്ന പ്രശ്‌നത്തിന് ഇപ്പോള്‍ സെക്രട്ടറിയുടെ സ്ഥലംമാറ്റം കാരണമാകുകയായിരുന്നു. മന്ത്രിയും കൂടി ഇതില്‍ ഇടപെട്ടതാണ് മറുപക്ഷത്തെ പ്രകോപിപിച്ചത്. ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍ ലീഗ് യോഗത്തിലും വന്‍ വാഗ്വാദങ്ങള്‍ നടന്നതായാണ് അറിയുന്നത്. കാലങ്ങളായി പുകഞ്ഞ് നില്‍ക്കുന്ന കലാപം ഭരണത്തിലും പ്രതിഫലിക്കുന്നുണ്ട്. അതേ അവസരത്തില്‍ ഇന്നലെ രാത്രി നടന്ന യോഗത്തില്‍ സ്ഥാന ചലനവും രാജിയും ഉള്‍പ്പെടെ ചില കടുത്തമാനമുണ്ടായതായാണ് സൂചന.

Latest