Connect with us

Kozhikode

കോഴിക്കോട് - ബംഗളൂരു പാത കുരുതിക്കളമാകുന്നു

Published

|

Last Updated

താമരശ്ശേരി: അശ്രദ്ധയും അമിതവേഗവും കോഴിക്കോട് ബംഗളൂരു ദേശീയപാതയെ കുരുതിക്കളമാക്കുന്നു. ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോഴും അപകടങ്ങള്‍ വര്‍ധിക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുകയാണ്. ഇന്നലെ ദേശീയപാതയില്‍ 20 കിലോമീറ്റിനുള്ളില്‍ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
പരപ്പന്‍പൊയിലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കൊടുവള്ളി പാലക്കുറ്റി ആമ്യംപൊയില്‍ പരേതനായ എ കെ റസാഖിന്റെ മകന്‍ മുഹമ്മദ് ഷബീബ് (21) മരിക്കുകയും രണ്ട്‌പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീതികൂടിയ ദേശീയപാതയില്‍ ഇരുദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചത് അശ്രദ്ധകാരണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വൈകീട്ട് നാലരയോടെ ചുരമിറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലൂടെ നിരങ്ങി എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ കുഞ്ഞിതൊടുകയില്‍ സൈതലവി(53)യാണ് മരിച്ചത്. ലക്കിടി മുതല്‍ കൊടുവള്ളി വരെയുള്ള പ്രദേശങ്ങളില്‍ വാഹനാപകടം സംഭവിക്കാത്ത ദിവസങ്ങളില്ലെന്നാണ് താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ ഹൈവേ പട്രോളിംഗ് സംഘം പറയുന്നത്. അപകടത്തില്‍ പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാനായി അപകടത്തിന്റെ രീതി പലപ്പോഴും മാറ്റിമറിക്കപ്പെടാറുണ്ട്. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ടാല്‍ മാനുഷിക പരിഗണന നല്‍കി രേഖകളില്‍ ഡ്രൈവറെ മാറ്റാന്‍ പോലീസ് സഹായിക്കുന്നത് കുട്ടി ഡ്രൈവര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രോത്സാഹനമാകുന്നുണ്ടെന്നാണ് പല സംഭവങ്ങളും നല്‍കുന്ന സൂചന.