Connect with us

Thrissur

കൊക്കാലയെ ലാലൂരാക്കാന്‍ കോര്‍പറേഷന്‍

Published

|

Last Updated

തൃശൂര്‍: കൊക്കാലയെ മാലിന്യം നിറച്ച് മറ്റൊരു ലാലൂരാക്കി മറ്റാന്‍ കോര്‍പറേഷനും കൗണ്‍സിലറും മത്സരിക്കുന്നു. കോര്‍പറേഷന്‍ വാഹനങ്ങളില്‍ തന്നെ രാവിലെ മുതല്‍ ലോഡ് കണക്കിന് മാലിന്യമാണ് കൊക്കാലെ കോര്‍പറേഷന്‍ കുളക്കരയിലും പരിസരത്തെ റോഡുകളിലും തള്ളുന്നത്.
ഇതില്‍ പ്രേരണമൂത്ത് അന്യപ്രദേശങ്ങളില്‍ നിന്നും പെട്ടി ഓട്ടോകളിലും മറ്റുമായി മാലിന്യം എത്തിക്കുന്നുമുണ്ട്. ചത്ത ആടിനെ വരെയാണ് ഏറ്റവുമൊടുവില്‍ ഇവിടെ കൊണ്ടുവന്നിട്ടിട്ടുള്ളത്.
പരിസരത്തെ റോഡുകളിലും പൊതുനിരത്തിലുമെല്ലാം മാലിന്യം തള്ളുന്നത് തടയാന്‍ നിവാസികളും ചുമട്ടുത്തൊഴിലാളികളും നടത്തിയ ഉദ്യമത്തെ വാര്‍ഡ് കൗണ്‍സിലര്‍ തടഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്കാണിടവരുത്തിയത്. വൃത്തിഹീനമായ അവസ്ഥയിലാണ് കൊക്കാലയിലെ കുളത്തിനരികിലൂടെയുള്ള റോഡുകളും പരിസരവും കിടക്കുന്നത്. പുലര്‍ച്ചെ മുതല്‍ കോര്‍പറേഷനില്‍ നിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുകയാണ് പതിവ്. മണ്ണോട് ചേര്‍ന്ന് കഴിയുമ്പോള്‍ ജെ സി ബിയും മറ്റും ഉപയോഗിച്ച് മാന്തിയെടുത്ത് ലോറികളിലാക്കി കടത്തുകയും ചെയ്യുന്നു. കൊക്കാലെ കുളത്തിനോട് ചേര്‍ന്നാണ് മാലിന്യം തള്ളുന്നത്. ഇതിന് തൊട്ടാണ് നഗരത്തിലെ വലിയൊരു വിഭാഗം ആശ്രയിക്കുന്ന മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതും. മഴ പെയ്യുമ്പോള്‍ മാലിന്യത്തില്‍ നിന്നുള്ള അണുക്കളടങ്ങിയ അഴുക്ക് ജലം കുളത്തിലേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥ. ഇപ്പോഴും പരിസരത്തെ കോളനികളില്‍ നിന്നുള്ളവര്‍ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും കുളം ഉപയോഗിക്കുന്നുണ്ടെന്നിരിക്കെയാണിത്.
ആവര്‍ത്തിച്ചുള്ള പരാതികള്‍ കേട്ടിട്ടും പരിസരത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലും കൗണ്‍സിലറും കോര്‍പറേഷന്‍ അധികാരികളും ശ്രമിക്കുന്നില്ല. മാലിന്യം സംസ്‌കരിക്കുന്നതിനാണെന്ന പേരില്‍ പണം ചെലവിട്ട് ഒരു കെട്ടിടം പണിതിട്ടതൊഴിച്ചാല്‍ മറ്റൊന്നും നടന്നിട്ടില്ല. കോര്‍പറേഷന്റെയും കൗണ്‍സിലറുടെയും അറിവോടെ നടക്കുന്ന മാലിന്യമെത്തിക്കല്‍ പരിപാടിക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്പിനൊരുങ്ങുകയാണ് കൊക്കാലെ നിവാസികള്‍. മാലിന്യ വണ്ടികള്‍ തടയാനുള്ള തീരുമാനവും ഇവര്‍ കൈകൊണ്ടുകഴിഞ്ഞു.
കഴിഞ്ഞ ദിവസം റോഡരികിലെ മാലിന്യം നീക്കി ചെടി നടാനുള്ള ശ്രമം കൗണ്‍സിലര്‍ തടഞ്ഞതോടെയാണ് പരിസരവാസികള്‍ പ്രതിരോധത്തിനൊരുങ്ങുന്നത്.

മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നു

 

Latest