Connect with us

Palakkad

മുതലമടയില്‍ വിഭവചൂഷണത്തിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്‌

Published

|

Last Updated

പാലക്കാട്: ഭാരതപ്പുഴയോരത്തുളള പുരാവസ്തു സംരക്ഷിത സ്മാരകമായ തിരുമിറ്റക്കോട് ക്ഷേത്രത്തിന് സമീപം അനിയന്ത്രിതമായി മണലെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ ചാലിശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടറോട് ഹാജരാകാന്‍ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി അധ്യക്ഷന്‍ മുന്‍ ജില്ലാ ജഡ്ജ് കെ വി ഗോപികുട്ടന്‍ ഉത്തരവിട്ടു.
ചാലിശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടറെ എതിര്‍ കക്ഷിയാക്കി തിരുമിറ്റക്കോട് ദേവസ്വം മാനേജര്‍ എം ഗിരിധരനാണ് പരാതി നല്‍കിയത്. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ നിയമവും ലംഘിച്ചുകൊണ്ടാണ് മണല്‍ വാരുന്നതെന്ന് പരാതിയില്‍ പറയുന്നു.
പുരാവസ്തുവിന്റെ വകുപ്പിന്റെ സംരക്ഷിത സ്മാരകമായതിനാല്‍ 300 മീറ്റര്‍ പരിധിയില്‍ ഖനനം നടത്തുന്നതിനും നിരോധനമുണ്ട്. മണലെടുത്ത് പരിസ്ഥിതി ധ്വംസനത്തോടൊപ്പം സാമ്പത്തിക നേട്ടമുണ്ടാക്കി വാണിജ്യ കുറ്റകൃത്യങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പരാതി.
പോലീസ് കംപ്ലയിന്റ് അതോറിറ്റി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ ഒമ്പത് പുതിയ പരാതികള്‍ ഉള്‍പ്പെടെ 36 കേസുകള്‍ പരിഗണിച്ചു.
രണ്ട് പരാതികള്‍ പിന്‍വലിച്ചു. മുതലമട പഞ്ചായത്തിലെ പ്രകൃതി വിഭവ ചൂഷണത്തെക്കുറിച്ച് പഠിക്കാനെത്തിയ ദുരന്ത നിവാരണ വിദഗ്ധന്‍ ചിറ്റൂര്‍ സ്വദേശി ശരവണനെ ഒരു സംഘം ആളുകള്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് ശരിയായ നടപടിയെടുത്തില്ലെന്ന പരാതിയില്‍ കൊല്ലങ്കോട് എസ് ഐ യോടും പോലീസ് കോണ്‍സ്റ്റബിളിനോടും അടുത്ത സിറ്റിങില്‍ ഹാജരാകാന്‍ ഉത്തരവായി.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി ഹുസുര്‍ ശിരസ്തദാര്‍ സി വിശ്വനാഥന്‍, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി ഡി വൈ എസ് പി ഷാനവാസ് സംബന്ധിച്ചു.

Latest