Connect with us

Palakkad

നഗരസഭ അടിയന്തിരമായി 1250 സോഡിയം ലാംപുകള്‍ വാങ്ങും

Published

|

Last Updated

പാലക്കാട്: നഗരസഭാ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ കത്താത്ത വിഷയത്തില്‍ അടിയന്തിര നടപടിയായി 1250 സോഡിയം വേപ്പര്‍ ലാംപുകള്‍ വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഓരോ വാര്‍ഡുകളിലേക്കും 20 എണ്ണം വീതവും ബാക്കിയുള്ളവ നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് സമീപവും സ്ഥാപിക്കും. തെരുവുവിളക്കുകള്‍ കത്താത്ത വിഷയം ചര്‍ച്ച ചെയ്ത് അന്തിമമായി തീരുമാനമെടുക്കാന്‍ നവംബര്‍ നാലിന് കെ എസ് ഇ ബി അധികൃതരുടേയും, കോണ്‍ട്രാക്ടര്‍മാരുടെയും വിപുലമായ യോഗം വിളിക്കാനും തീരുമാനമായി. എല്‍ ഇ ഡി വിളക്കുകള്‍ നേരേയാക്കാനുള്ള സംവിധാനമൊരുക്കാനും തീരുമാനമായി. കൗണ്‍സില്‍ യോഗം തുടങ്ങുംമുമ്പ് ബി ജെ പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റാന്തല്‍ വിളക്കുകളുമായി യോഗ ഹാളിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കക്ഷി നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നഗരസഭ അടിയന്തിരമായി വിഷയത്തില്‍ തീരുമാനമെടുത്തത്. ഇരുട്ടില്‍ തപ്പുന്ന നഗരവാസികളെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയാണെന്നും കന്നുകാലികളെ പിടിച്ചുകെട്ടുമെന്നുള്ള നഗരസഭയുടെ പ്രഖ്യാപനം പാഴ് വാക്കായെന്നും ബി ജെ പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അതേസമയം ബി ജെ പിയുടെ നാടകമാണ് സമരത്തിനു പിന്നിലുള്ളതെന്ന് സി പി എമ്മും എല്‍ ഇ ഡി ലാംപുകള്‍ നേരേയാക്കാനുള്ള സംവിധാനം നഗരസഭയിലില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് അംഗംഭവദാസും പറഞ്ഞു. നഗരസഭ‘യുടെ കീഴിലുള്ള പാര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറായാ സ്വകാര്യ സംരഭകരില്‍ നിന്ന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. ബി പി എല്‍ ലിസ്റ്റില്‍ അര്‍ഹതയില്ലാത്തവര്‍ കയറിക്കൂടിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കണമെന്നും സി പി എം അംഗം കുമാരി ആവശ്യപ്പെട്ടു.
കല്‍പ്പാത്തിയില്‍ മഴ വന്നാല്‍ കറന്റില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ലീഗ് അംഗം സുലൈമാന്‍ ആവശ്യപ്പെട്ടു. പി എം ജി സ്‌കൂളില്‍ മരങ്ങളും ഹൈടെന്‍ഷന്‍ ലൈനുകളും ദുരിതമുണ്ടാക്കുകയാണെന്ന് ലീഗ് അംഗം പി എം ഇസ്മയില്‍ പറഞ്ഞു. നഗരസഭയുടെ കട്ടപ്പുറത്തിരിക്കുന്ന ശുചീകരണ വാഹനങ്ങള്‍ നേരേയാക്കുന്നതിന് 10, 000 രൂപ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ക്ക് നികുതി ചുമത്തണമെന്ന് ബി ജെ പി അംഗം സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ട് നേരേയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, ഭവദാസ്, അബ്ദുള്‍ അസീസ്, സുലൈമാന്‍, പി എം ഇസ്മയില്‍, കുമാരി, സാജോജോണ്‍, ഫിലോമിന, പ്രമീളാ ശശീധരന്‍, സ്മിതേഷ് സംസാരിച്ചു.

Latest