Connect with us

Ongoing News

യോഗ്യതയില്ല; സിദാന് പരിശീലന വിലക്ക്

Published

|

Last Updated

മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് പരിശീലകനായി പ്രവര്‍ത്തിക്കുന്നതിന് മൂന്ന് മാസത്തേക്ക് വിലക്ക്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് സിദാന് പരിശീലകനാകാനുള്ള യോഗ്യതയില്ലെന്ന കാരണത്താല്‍ വിലക്കേര്‍പ്പെടുത്തിയത്. റയല്‍മാഡ്രിഡിന്റെ റിസര്‍വ് ടീമായ റയല്‍മാഡ്രിഡ് കാസ്റ്റില്ലയുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിദാന്‍. നേരത്തെ, റയല്‍മാഡ്രിഡില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ അസിസ്റ്റന്റായി ജോലി ചെയ്ത സിദാന്‍ ഈ സീസണ്‍ മുതല്‍ക്കാണ് സ്വതന്ത്ര പരിശീലകനായത്. സിദാന്റെ അസിസ്റ്റന്റായ സാന്റിയാഗോ സാഞ്ചസിനും വിലക്കുണ്ട്.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ നിയമോപദേശം തേടാനാണ് റയല്‍മാഡ്രിഡിന്റെ തീരുമാനം. ഹെഡ് കോച്ചായി പ്രവര്‍ത്തിക്കാനുള്ള ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റുള്ള വ്യക്തിയാണ് സിദാനെന്ന് റയല്‍ മാഡ്രിഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
2001 മുതല്‍ റയല്‍മാഡ്രിഡിന്റെ താരമായ സിദാന്‍ 2002 ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന് സമ്മാനിച്ചു. ഇതേതുടര്‍ന്ന് മൂന്നാം വട്ടം ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിന് അര്‍ഹനാവുകയും ചെയ്തു. 1998, 2000 വര്‍ഷങ്ങളിലും സിദാന്‍ ലോകഫുട്‌ബോളറായി. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ മറ്റെരാസിയെ തലകൊണ്ടിടിച്ചിട്ട് ചുവപ്പ് കാര്‍ഡ് കണ്ടാണ് സിദാന്‍ പ്ലെയിംഗ് കരിയര്‍ അവസാനിപ്പിച്ചത്.

---- facebook comment plugin here -----

Latest