Connect with us

Ongoing News

ബാലണ്‍ദ്യോര്‍;സുവാരസിനെ ഫിഫ തഴഞ്ഞു

Published

|

Last Updated

സൂറിച്: കഴിഞ്ഞ സീസണില്‍ 31 ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ഫിഫ പരിഗണിച്ചില്ല. ലോകഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ഫിഫ ബാലണ്‍ദ്യോറിനുള്ള 23 അംഗ ചുരുക്കപ്പട്ടികയില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസിയും റയല്‍മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലാണ് ഇത്തവണയും പ്രധാന മത്സരം.
ബ്രസീലിന്റെ നെയ്മറും ഹോളണ്ടിന്റെ ആര്യന്‍ റോബനും പട്ടികയില്‍ ഇടം പിടിച്ച പ്രമുഖരാണ്. ഡിസംബര്‍ ഒന്നിന് അവസാന മൂന്ന് പേരുകള്‍ ഫിഫ പുറത്തുവിടും. ജനുവരി 12ന് സൂറിചില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ അവസാന നിമിഷം വരെ കിരീടപ്പോരില്‍ സജീവമായി നിന്നത് സുവാരസിന്റെ ഗോളടി മികവിലാണ്.
31 ഗോളുകള്‍ക്ക് പുറമെ പതിനാല് അസിസ്റ്റുകളുമായി പ്രീമിയര്‍ ലീഗിന്റെ താരമായി മാറിയ സുവാരസ് ലോകകപ്പില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലെനിയെ കടിച്ചതിനെ തുടര്‍ന്ന് നാല് മാസം വിലക്ക് നേരിട്ടിരുന്നു. ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ദിവസം റയലിനെതിരെ കളിച്ചു കൊണ്ട് വീണ്ടും ഫുട്‌ബോളിലേക്ക് തിരിച്ചെത്തി. എന്നാല്‍, ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് പരിഗണിക്കാതെ ഫിഫ വീണ്ടും ഉറുഗ്വെ താരത്തെ ശിക്ഷിക്കുകയാണ് ചെയ്തത്. റയല്‍മാഡ്രിഡിന് പത്താമത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടരെ രണ്ടാം വര്‍ഷവും ഫേവറിറ്റാണ്. നടപ്പ് സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളുമായി ക്രിസ്റ്റ്യാനോ യൂറോപ്പിലെ ടോപ് സ്‌കോററാണ്.
പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ സ്വീഡനെതിരെ പ്ലേ ഓഫില്‍ ഹാട്രിക്ക് നേടി ക്രിസ്റ്റ്യാനോ രാജ്യാന്തര ഫുട്‌ബോളിലും തിളങ്ങി. ലയണല്‍ മെസി, ഗോളടിയില്‍ പിറകിലാണ്. അതേ സമയം, അര്‍ജന്റീനയെ ലോകകപ്പ് റണ്ണേഴ്‌സപ്പാക്കിയത് മെസിക്ക് തുണയാണ്.
റയലിന്റെ വെയില്‍സ് വിംഗര്‍ ഗാരെത് ബെയ്ല്‍, ചെല്‍സിയുടെ എദെന്‍ ഹസാദ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ യായ ടുറെ എന്നിവരും പട്ടികയിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയും ഗോള്‍കീപ്പര്‍ തിബോത് കുര്‍ട്ടോയിസും ഇടം പിടിച്ചു. ഇരുവരും ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ താരങ്ങളാണ്. റയലിന്റെ അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മരിയയും പട്ടികയിലിടം പിടിച്ചു.
ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ ആറ് കളിക്കാരാണ് ബാലണ്‍ദ്യോറിനായി രംഗത്തുള്ളത്. മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് പ്രധാനമായും പത്ത് പേരാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനുവല്‍ പെല്ലെഗ്രിനിയും ചെല്‍സിയുടെ ജോസ് മൗറിഞ്ഞോയും റയല്‍മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടിയും ബയേണിന്റെ പെപ് ഗോര്‍ഡിയോളയും ജുവെന്റസിന്റെ അന്റോണിയോ കോന്റെയും ക്ലബ്ബ് ഫുട്‌ബോളിലെ മികവുമായി പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ജോക്വം ലോ ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ചതിന്റെ മികവില്‍ ശ്രദ്ധേയസ്ഥാനത്ത്.
അര്‍ജന്റീനയുടെ അലസാന്‍ഡ്രോ സബെല, ഹോളണ്ടിന്റെ ലൂയിസ് വാന്‍ ഗാല്‍ എന്നിവരാണ് ദേശീയ ടീമുകളുടെ പരിശീലകരായി പട്ടികയിലുള്ളവര്‍. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അത്ഭുതക്കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന അര്‍ജന്റീനക്കാരന്‍ ഡിയഗോ സിമിയോണിയും ശക്തമായ സാന്നിധ്യമാണ്.
ബാലണ്‍ദ്യോര്‍ 23 അംഗ ചുരുക്കപ്പട്ടിക : ഗാരെത്‌ബെയ്ല്‍ (വെയില്‍സ്), കരീം ബെന്‍സിമ (ഫ്രാന്‍സ്), ഡിയഗോ കോസ്റ്റ (സ്‌പെയിന്‍), തിബോട് കുര്‍ടോയിസ് (ബെല്‍ജിയം), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ഏഞ്ചല്‍ ഡി മാരിയ (അര്‍ജന്റീന), മരിയോ ഗോസെ (ജര്‍മനി), എദെന്‍ ഹസാദ് (ബെല്‍ജിയം), സ്ലാറ്റന്‍ ഇബ്രാഹിമോവിച് (സ്വീഡന്‍), ആന്ദ്രെസ് ഇനിയെസ്റ്റ (സ്‌പെയിന്‍), ടോണി ക്രൂസ് (ജര്‍മനി), ഫിലിപ് ലാം (ജര്‍മനി), ജാവിയര്‍ മഷെറാനോ (അര്‍ജന്റീന), ലയണല്‍ മെസി(അര്‍ജന്റീന), തോമസ് മുള്ളര്‍ (ജര്‍മനി), മാനുവല്‍ ന്യൂവര്‍ (ജര്‍മനി), നെയ്മര്‍ (ബ്രസീല്‍), പോള്‍ പോഗ്ബ (ഫ്രാന്‍സ്), സെര്‍ജിയോ റാമോസ് (സ്‌പെയിന്‍), ആര്യന്‍ റോബന്‍ (ഹോളണ്ട്), ജെയിംസ് റോഡ്രിഗസ് (കൊളംബിയ), ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ (ജര്‍മനി), യായ ടുറെ (ഐവറികോസ്റ്റ്).