Connect with us

National

നിതാരി കൂട്ടക്കൊല: കോലിയുടെ പുനഃപരിശോധനാ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊല കേസിലെ പ്രതി സുരീന്ദര്‍ കോലി, വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. തിരുത്തല്‍ ഹരജി സമര്‍പ്പിച്ച് പുതിയ സ്റ്റേ വാങ്ങിയില്ലെങ്കില്‍ ഏതുസമയത്തും കോലിയെ വധശിക്ഷക്ക് വിധേയനാക്കാം.
ഉത്തരവ് പുനഃപരിശോധിക്കേണ്ട വിധത്തില്‍ വിധിയില്‍ കോടതി ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് പുനഃപരിശോധനാ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവേ, എസ് എ ബോബ്‌ദെ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. മീറത്തിലെ ജയിലില്‍ കഴിഞ്ഞ മാസം 12ന് ഇയാളെ തൂക്കിക്കൊല്ലാനായിരുന്നു നേരത്തെ വിധിച്ചത്. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി നേരത്തേ തള്ളിയിരുന്നു. പിന്നീട് ശിക്ഷ നടപ്പാക്കുന്നത് ഇന്ന് വരെ സുപ്രീം കോടതി ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഇപ്പോഴത്തെ കേസിന് ആധാരമായ സംഭവം 2006 ഡിസംബറിലാണ് നടന്നത്. റിംപ ഹാള്‍ഡര്‍ എന്ന പെണ്‍കുട്ടിയെ കോലി പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നു. ഈ കേസിന്റെ അന്വേഷണ വേളയിലാണ് കോലി കൂടുതല്‍ കുട്ടികളെ കൊന്നിട്ടുണ്ടെന്ന് തെളിഞ്ഞത്. നോയിഡയില്‍ നിതാരി പ്രദേശത്ത് മൊണീന്ദര്‍ സിംഗ് പാന്തര്‍ എന്നയാളുടെ വീട്ടില്‍ വേലക്കാരനായിരുന്നു കോലി. ഈ വീട്ടില്‍ വെച്ചാണ് പീഡനവും കൊലകളും നടന്നതെന്നും തെളിഞ്ഞിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ച ശേഷം വെട്ടിനുറുക്കിയാണ് കൊന്നിരുന്നത്. വീടിനോട് ചേര്‍ന്ന ആഴമേറിയ അഴുക്കുചാലില്‍ നിന്നും കുട്ടികളുടെ അസ്ഥികളും മറ്റും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റിംപ ഹാള്‍ഡറെ കൊന്ന കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ അലഹബാദ് ഹൈക്കോടതി ശരിവെച്ചു. 2011 ഫെബ്രുവരി 15ന് വധശിക്ഷ സുപ്രീം കോടതി സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊല ചെയ്തതിന് കോലിക്കെതിരെ സി ബി ഐ 16 കേസുകളില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഇവയില്‍ അഞ്ച് കേസുകളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചിട്ടുമുണ്ട്. 11 കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്.

Latest