Connect with us

International

കാംബ്രിഡ്ജിലെ എം ഐ ടിയില്‍ ആറിലൊരു വിദ്യാര്‍ഥിനി പീഡനത്തിന് ഇരയാകുന്നതായി സര്‍വേ

Published

|

Last Updated

ബോസ്റ്റണ്‍: അമേരിക്കയിലെ കാംബ്രിഡ്ജിലുള്ള മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എം ഐ ടി)യിലെ ആറ് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെടുന്നതായി സര്‍വേ. അമേരിക്കയിലെ ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനത്തിലേക്കാണ് സര്‍വേ വിരല്‍ ചൂണ്ടുന്നത്. മൊത്തം ക്യാമ്പസിലെ വിദ്യാര്‍ഥിനികളില്‍ അഞ്ച് ശതമാനം ബലാത്സംഗത്തിനിരയാകുകയും ഓരോ ആറ് പേരിലും ഒരാള്‍ വീതം വിവിധ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്നു. ലൈംഗിക അതിക്രമങ്ങള്‍ എം ഐ ടിയുടെ സ്ഥാപിത മൂല്യങ്ങള്‍ക്ക് എതിരാണെന്ന് പ്രസിഡന്റ് റാഫേല്‍ റൈഫ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പഠനം നടത്താന്‍ തയ്യാറാണെന്നും ഇത് പരിഹരിക്കാന്‍ ശ്ര മം നടത്തുമെന്നും എം ഐ ടി ചാന്‍സലര്‍ സിന്ത്യാ ബാര്‍നഹര്‍ട്ട് പറഞ്ഞു. പീഡനത്തിനിരയാകുന്ന കുട്ടികളില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് എം ഐ ടിയില്‍ പരാതി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസുകളില്‍ അരങ്ങേറുന്ന ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമവിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയതിനിടെയാണ് സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്. ലൈംഗിക ആക്രമണം അമേരിക്കന്‍ ക്യാമ്പസുകളില്‍ നിത്യസംഭവമാണെന്ന് വൈറ്റ്ഹൗസും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest