Connect with us

Gulf

ഇസിലിനെതിരെ ഓണ്‍ലൈന്‍ യുദ്ധത്തിന് അമേരിക്ക

Published

|

Last Updated

കുവൈത്ത് സിറ്റി: ഇസില്‍ തീവ്രവാദികളുടെ ഓണ്‍ലൈന്‍ പദ്ധതികള്‍ തകര്‍ക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും നീക്കമാരംഭിച്ചു. നിരപരാധികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇസില്‍ ഓണ്‍ലൈന്‍ രംഗത്തെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് അമേരിക്ക വിലയിരുത്തുന്നു. പ്രധാനമായും ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ തകര്‍ക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കുവൈത്തില്‍ നടന്ന ചര്‍ച്ചയില്‍ റിട്ട. യു എസ് ജനറല്‍ ജോണ്‍ അലന്‍ ആണ് ആശയം മുന്നോട്ടുവെച്ചത്. ചര്‍ച്ചയില്‍ സഖ്യത്തിലെ അംഗങ്ങളായ ബഹ്‌റൈന്‍, ബ്രിട്ടന്‍, ഈജിപ്ത്, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചു. ഇസില്‍ തീവ്രവാദികള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യുദ്ധം. വിദേശികളായവര്‍ ഇസില്‍ തീവ്രവാദ സഖ്യത്തില്‍ ചേരുന്നത് തടയാനാകുമെന്നാണ് പശ്ചാത്യ-അറബ് സഖ്യത്തിലൂടെ ലക്ഷ്യം വെക്കുന്നത്. സൈനിക നീക്കത്തിന് പകരം ഇസില്‍ പോരാളികള്‍ക്കെതിരെ അന്താരാഷ്ട്ര രംഗത്ത് വിവര കൈമാറ്റവും ഇതിലൂടെ ലക്ഷ്യം വെക്കുന്നതായി യു എസ് അണ്ടര്‍സെക്രട്ടറി റിച്ചാര്‍ഡ് സ്റ്റെന്‍ഗല്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയയുടെയും ഇറാഖിന്റെയും വിശാലമായ പ്രദേശങ്ങള്‍ കീഴടക്കിയ ഇസില്‍ തീവ്രവാദികള്‍ക്ക് ആധുനിക രീതിയില്‍ വാര്‍ത്തകള്‍ ലോകത്ത് എത്തിക്കാന്‍ കഴിന്നുണ്ട്. മാഗസിന്‍, വീഡിയോ എന്നിവയിലൂടെ ഓണ്‍ലൈന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഇസില്‍ തീവ്രവാദികള്‍. ഇത് മനസ്സിലാക്കിയാണ് അമേരിക്കയും പാശ്ചാത്യന്‍ ശക്തികളും ഓണ്‍ലൈന്‍ രംഗത്ത് ശക്തമായ പ്രതിരോധ പദ്ധതികളുമായി രംഗത്ത് വന്നത്. രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ തലയെടുക്കുന്ന ചിത്രം ഓണ്‍ലൈനിലാണ് ഇസില്‍ തീവ്രവാദികള്‍ പ്രസിദ്ധീകരിച്ചത്. രണ്ട് ബ്രിട്ടീഷുകാരെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. പാശ്ചാത്യന്‍ നാടുകളിലെയും മറ്റും മുസ്‌ലിംകള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ആകൃഷ്ടരായി ഇസില്‍ സഖ്യത്തില്‍ ചേരാന്‍ ഇറാഖിലേക്കും സിറിയയിലേക്കും എത്തുന്നുണ്ട്.

Latest