Connect with us

Kozhikode

പിതാവും കാമുകിയും കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

Published

|

Last Updated

കോഴിക്കോട്: പിതാവും കാമുകിയും ചേര്‍ന്ന് കൊന്ന ശേഷം റെയില്‍വേ ട്രാക്കില്‍ തള്ളിയ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി പള്ളന്‍വീട്ടില്‍ ബെന്നി – ജൂലി ദമ്പതികളുടെ മകള്‍ ഫെമി (14)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ വെസ്റ്റ്ഹില്ലിലെ പൊതുശ്മശാനത്തില്‍ നിന്ന് കൂടുതല്‍ പരിശോധന ക്കായി അന്വേഷണസംഘം പുറത്തെടുത്തത്.
റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ മൃതദേഹം രണ്ട് മാസം മുമ്പ് ടൗണ്‍ പോലീസ് ആളെ തിരിച്ചറിയാത്തതിനാല്‍ സംസ്‌കാരിക്കുകയായിരുന്നു. പ്രതികളായ ബെന്നി (42)യെയും കാമുകി തിരൂര്‍ വെട്ടം പരിയാപുരം സ്വദേശിനി വിനീത (38)യെയും കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. ഫെമിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കോഴിക്കോട് ബീച്ചിലെ ഒഴിഞ്ഞ കെട്ടിടത്തിലും മൃതദേഹം തള്ളിയ റെയില്‍വേ ട്രാക്കിലുമെല്ലാം പ്രതികളെ എത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. ഇരിങ്ങാലക്കുട ഡിവൈ എസ് പി. പി എ വര്‍ഗീസ്, സി ഐ. ആര്‍ മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ജില്ലാ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ ഡി എന്‍ എ പരിശോധനക്കുള്ള സാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ച് മൃതദേഹം ഫെമിയുടെത് തന്നെയെന്ന് ഉറപ്പിക്കുന്നതിനായാണ് ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചത്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ഫെമിയുടെ മാതാവ് ജൂലിക്ക് വിട്ടുകൊടുത്തു. തൃശൂര്‍ മുരിങ്ങൂര്‍ പള്ളി സെമിത്തേരിയില്‍ ഫെമിയുടെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 20നാണ് ഫെമിയെ പിതാവ് ബെന്നിയും കാമുകി വിനീതയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അവിഹിതബന്ധത്തിന് തടസ്സം നിന്നതിനായിരുന്നു കൊല. ഫെമിയെ വെള്ളയില്‍ ബീച്ചില്‍ വെച്ച് കടലില്‍ തള്ളിയിട്ട് കൊല്ലാന്‍ പദ്ധതിയിട്ട് ബെന്നിയും വിനീതയും വിനീതയുടെ 16 വയസ്സുകാരന്‍ മകനും കോഴിക്കോട്ടെത്തിയെങ്കിലും തിരക്കുണ്ടായിരുന്നതിനാല്‍ കൃത്യം നടന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ ഒരാഴ്ച മുമ്പേ ഫെമിയുടെ മുടി വടിച്ച് കളഞ്ഞിരുന്നു. പിന്നീട് ബെന്നി മകളെ ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം ബീച്ചിനടുത്ത ആളൊഴിഞ്ഞ അഞ്ച് നില കെട്ടിടത്തിന്റെ വരാന്തയില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെത്തി. റെയില്‍വേ ട്രാക്കില്‍ മൃതദേഹം തള്ളുകയായിരുന്നു.
ബെന്നിയെയും മകളെയും പൊറത്തിശ്ശേരിയിലെ വീട്ടില്‍ നിന്നു മാര്‍ച്ച് 20 മുതല്‍ കാണാതായെന്ന പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരൂര്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

Latest