Connect with us

Ongoing News

ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ ശമ്പളം ധനവകുപ്പ് തടഞ്ഞുവെക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ ശമ്പളം ധനവകുപ്പ് തടഞ്ഞുവെച്ചതായി പരാതി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിയമനം നല്‍കിയ 902 പ്രമോട്ടര്‍മാരെയാണ് ശമ്പളം നല്‍കാതെ ധനവകുപ്പ് പീഡിപ്പിക്കുന്നത്.
ശമ്പളം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രമോട്ടര്‍മാര്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് തടഞ്ഞുവെച്ച ശമ്പളം ഉടന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് ധനവകുപ്പ് അവഗണിക്കുകയാണെന്ന്് പ്രമോട്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
ന്യൂനപക്ഷ പദ്ധതികളെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുന്നതിനും പദ്ധതിയുടെ പ്രയോജനം അര്‍ഹരായ ആളുകളില്‍ എത്തിക്കാനുമാണ് സര്‍ക്കാര്‍ പ്രമോട്ടര്‍മാരെ നിയമിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയാണ് പ്രമോട്ടര്‍മാരുടെ ജോലി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി തവണ സര്‍ക്കാറിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
പ്രമോട്ടര്‍മാരോടുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത മാസം 11ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്താനുള്ള ഒരുക്കത്തിലാണ് പ്രമോട്ടര്‍മാര്‍. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് കേരള സ്റ്റേറ്റ് മൈനോറിറ്റി വെല്‍ഫെയര്‍ പ്രമോട്ടേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് അനീഷ്ഖാന്‍, സെക്രട്ടറി രാജേഷ് എന്നിവര്‍ പറഞ്ഞു.