Connect with us

Ongoing News

രാജ്യാന്തര മാജിക് ഉച്ചകോടി ഒന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: വിസ്മയലോകത്തെ ആദ്യ മാന്ത്രിക കൊട്ടാരമെന്ന വിശേഷണവുമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന മാജിക് പ്ലാനറ്റ് 31ന് വൈകീട്ട് അഞ്ചിന് മിഴി തുറക്കും. കഴക്കൂട്ടം കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലൊരുക്കിയിരിക്കുന്ന മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തുറന്നുകൊടുക്കുന്നത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിക്കും. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍, കെ പി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയായിരിക്കും.
മാജിക്ക് പ്ലാനറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാജിക്ക് അക്കാദമിയും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മാജിക്ക് ഉച്ചകോടി അടുത്ത മാസം ഒന്നിനും രണ്ടിനും കഴക്കൂട്ടം അല്‍സാജ് കണ്‍വെഷന്‍ സെന്ററില്‍ നടക്കും. ഉദ്ഘാടന ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ത്തോളം മാന്ത്രികര്‍ പങ്കെടുക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്ന്, രണ്ട് തീയതികളില്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ മാജിക് അക്കാദമി, കേരള സംസ്ഥാന ടൂറിസം, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാന്ത്രിക ഉച്ചകോടി സംഘടിപ്പിക്കും. ദേശീയോദ്ഗ്രഥന പരിപാടികള്‍, തെരുവുജാലവിദ്യകള്‍, മാജിക് മത്സരങ്ങള്‍, ചര്‍ച്ചകള്‍, വിദേശ മാന്ത്രികര്‍ നയിക്കുന്ന മാജിക് ക്ലാസുകള്‍, പബ്ലിക് ഗാലാഷോസ് എന്നിവ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
ഏറ്റവും മികച്ച പ്രകടനത്തിന് 2,22,222 രൂപയുടെ കാഷ് അവാര്‍ഡും കേരളാസംഗീത നാടക അക്കാദമി നല്‍കുന്ന മൊമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വൈകീട്ട് നടക്കുന്ന സമ്മേളനാനന്തരം വിജയികളുടെ പ്രകടനവും വിദേശ മാന്ത്രികരുടെ ഗാലാ ഷോയും നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.
മാജിക് പ്ലാനറ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് വൈകീട്ട് അഞ്ചിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന തെരുവുജാല വിദ്യക്കാരുടെ ജാലവിദ്യകള്‍ അരങ്ങേറും.