Connect with us

Kollam

കൊല്ലത്ത് ഉരുള്‍പൊട്ടല്‍; 20പേര്‍ കുടുങ്ങി

Published

|

Last Updated

കൊല്ലം: ഇത്തിക്കരയാറിന്റെ പ്രഭവകേന്ദ്രമായ മടത്തറ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടി. ചിതറ എണ്ണപ്പനത്തോട്ടത്തില്‍ ഇത്തിക്കരയാറ് കരകവിഞ്ഞൊഴുകി. സംഭവത്തെ തുടര്‍ന്ന് ആറിന്റെ മറുകരയില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപതില്‍പരം ആളുകള്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രാത്രി വൈകിയും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മടത്തറയില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. മഴയെത്തുടര്‍ന്ന് പെട്ടെന്ന് ആറ്റില്‍ വെള്ളം പൊങ്ങുകയായിരുന്നു. എണ്ണപ്പനത്തോട്ടത്തിന് അകത്തുള്ള കന്യാര്‍കയം, ദര്‍പ്പപ്പണ ഭാഗത്താണ് വിനോദസഞ്ചാരികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയത്. നിനച്ചിരിക്കാതെ വെള്ളം ക്രമാതീതമായി പൊങ്ങിയതിനെ തുടര്‍ന്ന് രക്ഷപ്പെടാനാകാതെ ഇവര്‍ കുടുങ്ങുകയായിരുന്നു. രാത്രിയില്‍ തെന്മലയില്‍നിന്നു ബോട്ട് എത്തിച്ച് ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ചണ്ണപ്പേട്ട വനമേഖലയോട് ചേര്‍ന്നുള്ള ഭാഗത്താണ് ഉരുള്‍പൊട്ടിയതായി കരുതുന്നത്. ഇതിനെത്തുടര്‍ന്ന് വേങ്കൊല്ല, കൊച്ചരിപ്പ, മൈലാടി, തോഴിയില്‍ മേഖലയില്‍ വൈകീട്ട് ആറിന് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. കൊച്ചരിപ്പ സ്വദേശി അര്‍ജുനന്‍, തുമ്പമണ്‍തൊടി പുഷ്പന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. മരച്ചീനി, വാഴ ഉള്‍പ്പെടെയുള്ള കൃഷി വ്യാപകമായി നശിച്ചു. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന റോഡില്‍ മടത്തറ മേലേമുക്ക് ഭാഗത്ത് വലിയ കുഴി രൂപപ്പെടുകയും ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. ഓയില്‍പാമില്‍ മൂന്നാറ്റുമുക്ക് ഭാഗത്ത് കഴുകാനായി കൊണ്ടുവന്ന ഓട്ടോ ആറ്റില്‍ ഒഴുകിപ്പോയി. മലയോരമേഖലയില്‍ രാത്രി വൈകിയും ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Latest