Connect with us

Kollam

മന്ത്രവാദത്തിനെതിരെ മഹാരാഷ്ട്ര മോഡല്‍ നിയമനിര്‍മാണത്തിന് നീക്കം

Published

|

Last Updated

കൊല്ലം: അന്ധവിശ്വാസങ്ങളുടെ പേരിലുള്ള തട്ടിപ്പുകളും കൊലപാതകങ്ങളും സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. മഹാരാഷ്ട്രയില്‍ മന്ത്രവാദത്തിനെതിരെ നിയമം നിലവിലുണ്ട്. 2013 ഡിസംബര്‍ 18 നാണ് മന്ത്രവാദത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര നിയമസഭ “അന്ധവിശ്വാസ നിര്‍മൂലന ബില്‍” പാസാക്കിയത്. മന്ത്രവാദം, നരബലി, ആഭിചാരക്രിയകള്‍ തുടങ്ങിയവയാണ് നിയമപ്രകാരം തടഞ്ഞത്.
ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരിക പീഡനം ഉള്‍പ്പെടെ കുറ്റകരമാകുന്ന 12 വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഇത്തരം കേസുകളില്‍ അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. മന്ത്രവാദത്തിനിടെ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ പോലും ആറ്മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ലഭിക്കത്തക്ക വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്.
സംസ്ഥാനത്ത് മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരതകള്‍ വര്‍ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും വനിതാ കമ്മീഷനും നേരത്തെ സര്‍ക്കാറിനെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും നിയമം കൊണ്ടുവരണമെന്ന ശിപാര്‍ശയാണ് വനിതാ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയമ നിര്‍മാണം എന്ന ആശയവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങി. ഡിസംബറില്‍ ചേരുന്ന നിയഭസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

---- facebook comment plugin here -----

Latest