Connect with us

Ongoing News

കേരള ബില്‍ഡിംഗ് റൂള്‍ മാതൃകയാക്കാന്‍ കേന്ദ്രനിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: കേരളാ മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കാന്‍ അനിവാര്യമായ കെട്ടിട നിര്‍മാണ നിയമങ്ങളാണ് കേരളം പിന്തുടരുന്നതെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി വെങ്കയ്യ നായിഡു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. വിവിധ കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ കെട്ടിട നിര്‍മാണ നിയമങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പല സംസ്ഥാനങ്ങളിലും ഇത് സങ്കീര്‍ണമാണ്. കേരളത്തില്‍ കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാരിന്റെ ചീഫ് ആര്‍ക്കിട്ടക്റ്റിന്റെയോ നിര്‍മാണ ചുമതലയുള്ള എന്‍ജിനീയറുടെയോ സാക്ഷ്യപത്രം ഉണ്ടായാല്‍ നല്‍കുന്ന വിധം ലഘൂകരിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങുന്നതിന് 30 ദിവസം മുമ്പ് ഇത് നഗരസഭകളില്‍ സമര്‍പ്പിക്കണമെന്നുമാത്രം. കേരള മുനിസിപ്പില്‍ ബില്‍ഡിംഗ് റൂളിലെ സെക്ഷന്‍ 5(2) ആണ് കേന്ദ്രത്തിന്റെ പ്രശംസക്ക് വഴിയൊരുക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ വിവിധ വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നുണ്ട്. സങ്കീര്‍ണമായ നിയമവ്യവസ്ഥകള്‍ മറികടക്കാനാവാതെ പദ്ധതികള്‍ നടപ്പാക്കുന്നത് പലപ്പോഴും അനന്തമായി നീളുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ട്.

Latest