Connect with us

Editorial

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഇടപെടല്‍

Published

|

Last Updated

അസാധാരണ നീക്കമാണ് വെസ് ചാന്‍സലര്‍മാരുടെ യോഗം നേരിട്ടുവിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടി. സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കുന്നുണ്ടെങ്കിലും ഒരു ഗവര്‍ണര്‍ അവയുടെ ഭരണത്തില്‍ ശക്തമായി ഇടപെടുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കാകുലരുമാണ്. തിരുവനന്തപുരം, കൊച്ചി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നോമിനികളെ അവഗണിച്ച നടപടിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. എങ്കിലും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുത്തഴിഞ്ഞ പോക്കില്‍ വേദനിക്കുന്നവര്‍ താത്പര്യത്തോടെയും പ്രതീക്ഷയോടെയുമാണ് ഗവര്‍ണറുടെ നീക്കത്തെ നോക്കിക്കാണുന്നത്.
അവതാളത്തിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം. കൃത്യമായി പരീക്ഷകളോ ഫലപ്രഖ്യാപനമോ നടക്കാറില്ല. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടുകളും പതിവാണ്. സര്‍ക്കാര്‍ നോമിനികളായി രാഷ്ട്രീയാതിപ്രസരമുള്ളവരെ കുത്തിത്തിരുകുന്നത് മൂലം ഭരണ സമിതികളില്‍ പ്രതിസന്ധി സാധാരണമാണ്. പലതും കലാപഭരിതവുമാണ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതിനിടെ കൈയാങ്കളി വരെ അരങ്ങേറുകയും വൈസ് ചാന്‍സലര്‍ ആക്രമിക്കപ്പെടുകയുമുണ്ടായി. തിരുവനന്തരം സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും സര്‍വകലാശാല തലപ്പത്തുള്ളവരും തമ്മിലുള്ള തര്‍ക്കം പ്രൊ വൈസ് ചാന്‍സലറുടെ വീട് ആക്രമിക്കുന്നിടം വരെയെത്തി. അതിനിടെ ചില വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയും ചോദ്യം ചെയ്യപ്പെട്ടു. കോട്ടയം എം ജി സര്‍വകലാശാലാ വി സിയായിരുന്ന ഡോ. എ വി ജോര്‍ജിന്റെ യോഗ്യത സംബന്ധിച്ച വിവാദത്തിനൊടുവില്‍ ഗവര്‍ണര്‍ക്ക് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ഗവര്‍ണര്‍ പി സദാശിവം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം വളിച്ചതും അവയുടെ നിലവാരവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതും. ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരണം, കൃത്യമായ അക്കാദമിക് കലണ്ടര്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു സര്‍വകലാശാലകളുടെ പാഠ്യക്രമങ്ങളുമായി താരതമ്യപ്പെടുത്തി സിലബസിലെ പോരായ്മകള്‍ പരിഹരിക്കല്‍, സ്വാശ്രയ കോളജുകളുടെ പരീക്ഷാ നടത്തിപ്പും ഉത്തരക്കടലാസ് മൂല്യനിര്‍ണയവും കുറ്റമറ്റതാക്കാന്‍ സി. സി ക്യാമറ നിരീക്ഷണം, യു ജി സി ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള ഫണ്ട് സമാഹരണം ഊര്‍ജിതമാക്കല്‍ തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍
അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലങ്ങളില്‍ കേരളം കൈവരിച്ചത്. ആ പെരുമ കളഞ്ഞുകുളിക്കുകയാണ് നമ്മുടെ സര്‍വകലാശാലകള്‍ ഇന്ന്. കെടുകാര്യസ്ഥതയും രാഷ്ട്രീയ കളികളുമാണ് ഭരണസമിതികളില്‍ നടന്നു വരുന്നത്. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും അവയുടെ സമയക്രമീകരണത്തിലും ഇതര സംസ്ഥാങ്ങളിലെ സര്‍വ കലാശാലകള്‍ തികഞ്ഞ നിഷ്ഠ പാലിക്കുമ്പോള്‍, സമയ നിഷ്ഠ പാലിക്കാത്ത പരീക്ഷയും ഫലപ്രഖ്യാപനവും വഴി വിദ്യാര്‍ഥികളുടെ പഠന വര്‍ഷവും തുടര്‍ പഠനവും താറുമാറാക്കുന്നു നമ്മുടെ സര്‍വകലാശാലകള്‍. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാത്തത് മുലം വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് ചേരാന്‍ സാധിക്കാത്ത അനുഭവങ്ങളും ധാരാളം. ഭരണപക്ഷത്തെ ഘടക കക്ഷികളുടെ വീതം വെപ്പില്‍ പലപ്പോഴും കഴിവില്ലാത്തവരും അയോഗ്യരുമാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയോഗിക്കപ്പെടുന്നത്. യോഗ്യതയെക്കാള്‍ വേറെ പലതുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള യോഗ്യത. മറ്റ് സര്‍ക്കാര്‍ സ്ഥാനങ്ങളെന്ന പോല ശിപാര്‍ശകളും സ്വാധീനങ്ങളും കൊണ്ട് നേടിയെടുക്കുന്ന പദവിയായി അധഃപതിച്ചിരിക്കയാണ് വി സി സ്ഥാനവും. കഴിവുറ്റ ഒരു വ്യക്തി വന്നാല്‍ തന്നെ നേരെ ചൊവ്വേ ഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ആധിപത്യമുള്ള സിന്‍ഡിക്കേറ്റ് സമ്മതിക്കുകയുമില്ല. ഈ ഒരവസ്ഥക്ക് മാറ്റം വരുത്തി സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രതാപവും സത്‌പേരും തിരിച്ചുപിടിക്കണമെങ്കില്‍ ശക്തമായ നടപടികളും ഭരണ മേഖലയില്‍ കര്‍ക്കശമായ അച്ചടക്കവും കര്യക്ഷമതയും അനിവാര്യമാണ്. വൈസ് ചാന്‍സലര്‍മാരുടെ യോഗമെടുത്ത തീരുമാനങ്ങള്‍ ഇതിന് സഹായകമാണെന്നതിനാല്‍ ഗവര്‍ണറുടെ ഇടപെടല്‍ സ്വാഗതം ചെയ്യപ്പെടാകുന്നതാണ്. എന്നാല്‍ ഗവര്‍ണര്‍ ഭരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നത് സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവത്തിന് നിരക്കാത്തതും ഗുണകരമല്ലാത്ത ഒരു കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഇടവരുത്തും. അതിനുള്ള സാഹചര്യം സൃഷടിക്കാതിരിക്കേണ്ടത് സര്‍ക്കാറും സിന്‍ഡിക്കേറ്റുമാണ്.

Latest