Connect with us

Articles

സ്വയം നാശത്തിലേക്ക് നടന്നടുക്കുന്ന സര്‍വകലാശാലകള്‍

Published

|

Last Updated

കേരള ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. അസാധാരണമായ നടപടിയാണത്. തികച്ചും അസ്വാഭാവികവും അനാവശ്യവുമായ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നതിന്റെ അനന്തര ഫലമാണതെന്ന കാര്യം വ്യക്തമാണ്. ഉന്നത വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും ഉയര്‍ന്ന കേന്ദ്രങ്ങളിലൊന്നായ സര്‍വകലാശാലയില്‍ എന്തൊക്കെയാണോ നടക്കാന്‍ പാടില്ലാത്തത് അതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
കേരള സര്‍വകലാശാലയിലെ മുന്‍ വി സിയും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും നിയമനത്തട്ടിപ്പിന്റെ പേരില്‍ പ്രോസിക്യൂഷന്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ പി വി സിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും വീടാക്രമിക്കുകയും ചെയ്യുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. വ്യാജ ബയോഡാറ്റ നല്‍കി വൈസ്ചാന്‍സലര്‍ പദം കൈയടക്കിയ ഒരു വി സി യെ എം ജി സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയിട്ട് അധികം നാളുകളായിട്ടില്ല. കോഴിക്കോട് സര്‍വകലാശാലയില്‍ കാര്യങ്ങള്‍ കൈയാങ്കളിയുടെ തലത്തിലെത്തി നില്‍ക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല കെടുകാര്യസ്ഥതയുടെ പരകോടിയിലാണ് നില്‍ക്കുന്നത്. “കുസാറ്റില്‍” വൈസ് ചാന്‍സലര്‍ നിയമനത്തിലെ ഇടതു രാഷ്ട്രീയ നിറം കാര്യങ്ങളെ വഷളാക്കി. “ആരോഗ്യ സര്‍വകലാശാല”യുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. നാഥനില്ലാക്കളരിയില്‍ എല്ലാ തരം വൈകൃതങ്ങളും അവിടെ അരങ്ങേറുന്നുണ്ട്. ഇതിനിടയിലാണ് പുതിയ പുതിയ സര്‍വകലാശാലകളുടെ രംഗപ്രവേശം.
കോഴിക്കോട് സര്‍വകലാശാലയില്‍ ജനാധിപത്യ അവകാശ ധ്വംസന പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളോടും അധ്യാപകരോടും സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന് ആജ്ഞ അവതരിപ്പിക്കാന്‍ ഒരു വൈസ് ചാന്‍സലര്‍ക്ക് എങ്ങനെ കഴിഞ്ഞു? സര്‍വകലാശാലപോലെ സ്വതന്ത്രമായ ഒരു സ്ഥാപനത്തിന്റെ ജീവന്‍ അവിടുത്തെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമാണ്; അവരുടെ സ്വാതന്ത്ര്യമാണ്. ഭരണകൂടം അറിവിന്റെ വ്യാപനത്തിന് തടസ്സമായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കണമെന്ന സങ്കല്‍പ്പം ഉണ്ടായത്. ആ സ്വാതന്ത്ര്യത്തേയും സ്വയംഭരണാവകാശത്തേയും സംരക്ഷിക്കാനുള്ള ഒന്നാമത്തെ ചുമതല സര്‍വകലാശാലയുടെ അമരക്കാരനില്‍ – വൈസ് ചാന്‍സലറില്‍ -കുടികൊള്ളുന്നു. അതുള്‍ക്കൊള്ളാന്‍ കാലിക്കറ്റ് വിസിക്ക് കഴിഞ്ഞിട്ടുണ്ടോ?
അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ സമരം ചെയ്യേണ്ടിവരുമായിരുന്നോ? എത്രയോ നിസ്സാരമായി പരിഹരിക്കാമായിരുന്നു ഹോസ്റ്റല്‍ പ്രശ്‌നം. കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അസൗകര്യം വന്നാല്‍, എന്താണ് പ്രശ്‌നമെന്ന് മനസ്സിലാക്കി അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ കുട്ടികളോട് യുദ്ധം പ്രഖ്യാപിക്കുകയല്ല ചെയ്യേണ്ടതെന്ന് വൈസ് ചാന്‍സലറോട് ഉപദേശിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രിയും വി സിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും ഭരണകൂടത്തിന്റെ പ്രതിനിധികളാണ്. ഒരു മുഖ്യമന്ത്രിയേക്കാള്‍ എത്രയോ ഉയര്‍ന്ന പദവിയാണ് വൈസ് ചാന്‍സലറുടേത് എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കഴിയാതെ പോകുന്നത് അവര്‍ അത്രയും താഴെയായതിനാലാണ്. എന്നാല്‍ നമ്മുടെ പാരമ്പര്യം അതല്ല. സി പി രാമസ്വാമി അയ്യര്‍, ജോണ്‍ മത്തായി, സാമുവല്‍ മത്തായി, നന്ദന്‍മേനോന്‍ അങ്ങനെ എത്രയോ പ്രഗത്ഭര്‍ നമ്മുടെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായിരുന്നു. അവരെക്കാണാന്‍ ഭരണാധികാരികള്‍ അത്യാദരപൂര്‍വം അങ്ങോട്ടു ചെല്ലുന്ന പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്നോ?
കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം വീതം വെക്കപ്പെടുകയാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളാണ് വൈസ് ചാന്‍സലര്‍ നിയമനങ്ങളുടെ മാനദണ്ഡം. വൈസ് ചാന്‍സലര്‍, വി വി സി, രജിസ്ട്രാര്‍ തുടങ്ങിയ പദവികളൊക്കെ അക്കാദമിക താത്പര്യം മാത്രം മുന്‍നിര്‍ത്തി, ആ ഒരു മാനദണ്ഡം മാത്രം പരിഗണിച്ചുവേണം നിയമിക്കേണ്ടത്. അതല്ലെങ്കില്‍, അയോഗ്യര്‍ സര്‍വകലാശാലകള്‍ ഭരിക്കും. അവര്‍ ജനാധിപത്യത്തെ ചവുട്ടി മെതിക്കും. സ്വേച്ഛാധികാരപ്രമത്തത കാണിക്കും. രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ വാലാട്ടി നില്‍ക്കും. സമൂഹത്തിന് അപമാനം വരുത്തിവെക്കും. അതാണ് ഇന്നത്തെ സര്‍വകലാശാലകള്‍ നേരിടുന്ന ദുര്യോഗം.
നിയമനങ്ങളില്‍ ഇഷ്ടക്കാരെയും സ്വന്തം പാര്‍ട്ടിക്കാരേയും പരിഗണിക്കാന്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് 2006ല്‍ തീരുമാനിച്ചതിന്റെ അനന്തരഫലമാണ് കേരള വൈസ് ചാന്‍സലര്‍ കോടതിയില്‍ വിചാരണ നേരിടുന്നതിന് കാരണമായത്. പരീക്ഷാ റിസല്‍ട്ടില്‍ തന്നെ അന്നത്തെ സിന്‍ഡിക്കേറ്റ് തിരിമറി നടത്തി. വൈസ് ചാന്‍സലര്‍ അതിനു കൂട്ടുനിന്നു. എത്ര ഗുരുതരമായ ആരോപണം! ലോകായുക്ത അന്വേഷണ കമ്മീഷന്‍ വൈസ് ചാന്‍സലറെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുകയാണ്.
സമൂഹത്തിന് ആകമാനം മാതൃകയാകേണ്ട വൈസ് ചാന്‍സലര്‍ ഒരു തട്ടിപ്പിന് നേതൃത്വം കൊടുത്തുവെന്നു പറയുമ്പോള്‍, സാമൂഹ്യാധഃപതനം എത്ര ഭീകരമാണെന്ന് ഓര്‍ത്തു നോക്കുക. കാലിക്കറ്റ് വൈസ് ചാന്‍സലര്‍ക്കെതിരെയൂള്ള ആരോപണങ്ങളും ഗുരുതരമാണ്. വാസ്തവത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ തത്സ്ഥാനത്ത് തുടരാന്‍ കഴിയുമോ? ധാര്‍മികാധപതനം സാമൂഹിക മൂല്യങ്ങളില്‍ വലിയ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഉന്നതമായ ആദര്‍ശങ്ങളും ജീവിതവീക്ഷണവും പ്രദാനം ചെയ്യാന്‍ ബാധ്യതപ്പെട്ട സര്‍വകലാശാലകളാണ് സാമൂഹിക – ധാര്‍മിക – സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനങ്ങള്‍. എന്നാല്‍, ആ ഉന്നത കേന്ദ്രങ്ങള്‍ എത്രവലിയ ധാര്‍മിക പ്രതിസന്ധിയിലാണ് കഴിയുന്നത് എന്നതിന് സമീപകാല സംഭവങ്ങള്‍ ഉദാഹരണങ്ങളാണ്.
ജാതി – മതം – ഗോത്രം – പ്രദേശം – ഭാഷ തുടങ്ങിയ എല്ലാ പരിഗണനകള്‍ക്കുമപ്പുറമാണ് സര്‍വകലാശാലകളുടെ സ്ഥാനം. മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചക്കും വികാസത്തിനും അനുരോധമായി നിലകൊള്ളുക, അതിനു വേണ്ടി പ്രയത്‌നിക്കുക, ഗവേഷണങ്ങളില്‍ ഏര്‍പ്പെടുക, പുതിയ പുതിയ വിജ്ഞാനങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നതൊക്കെയാണ് സര്‍വകലാശാലയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍. എന്നാല്‍ സമീപകാലത്ത് അക്കാദമികമായ നിലവാരത്തകര്‍ച്ചയാണ് സര്‍വകലാശാലകളുടെ മുഖമുദ്ര. പരീക്ഷകള്‍പോലും കൃത്യമായി നടത്താറില്ല മിക്ക സര്‍വകലാശാലകളും. ഗവേഷകര്‍ക്ക് ഫെലോഷിപ്പ് വര്‍ഷങ്ങളായി നല്‍കിയിട്ടില്ല. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിലച്ചമട്ടാണ്. സ്വകാര്യ – സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആളില്ല. സര്‍ട്ടിഫിക്കറ്റുകള്‍ പോലും സമയത്ത് കൊടുക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ തുടര്‍പഠനം നടത്താനാകാതെ വലയുന്നു. എന്തിനേറെ, കുട്ടികള്‍ക്ക് ലൈബ്രറി, ലാബ്, ഹോസ്റ്റല്‍ തുടങ്ങിയ മിനിമം സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പോലും ഭരണാധികാരികള്‍ക്കു കഴിയുന്നില്ല. പകരം പഞ്ചിംഗ് സമ്പ്രദായം കൊണ്ടുവന്ന് ജീവനക്കാരെ പാഠം പഠിപ്പിക്കുക എന്ന വൈരാഗ്യ നടപടികള്‍ സ്വീകരിക്കുന്നതിലാണ് അധികൃതര്‍ക്കു താത്പര്യം.
ഇതെല്ലാം സ്വകാര്യ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഗൂഢലക്ഷ്യം വെച്ചാണോ ചെയ്തുകൂട്ടുന്നത്? യു ജി സി ഫണ്ടിംഗ് അവസാനിക്കുകയും വിദേശ സര്‍വകലാശാലകള്‍ ഇന്ത്യന്‍ സര്‍വകലാശാലകളെ കീഴടക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ഇതൊക്കെ സംശയാസ്പദമാണ്. ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയും അഴിമതിയും സര്‍വകലാശാലകളെ കൂട്ടത്തോടെ നാശത്തിലേക്ക് തള്ളിവിടുകയാണ്. അക്കാദമിക ലോകം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ മഹത്തായ സര്‍വകലാശാലകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.

Latest