Connect with us

Ongoing News

ഗെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍: വിട്ടുവീഴ്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഏതെങ്കിലും പ്രത്യേക സാഹചര്യം ഉണ്ടായാല്‍ നിലവിലെ അലെയ്‌മെന്റില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെ ഇക്കാര്യത്തില്‍ എന്തുവിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂമിയുടെ അവകാശം ഉടമയില്‍ നിലനിര്‍ത്തിക്കൊണ്ടാകും പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുക്കുക. ഉപയോഗത്തിനുള്ള അവകാശം മാത്രമാവും ഗെയിലിന് നല്‍കുക. മറ്റ് സംസ്ഥാനങ്ങളില്‍ പത്ത് ശതമാനം നഷ്ടപരിഹാരം നല്‍കുമ്പോള്‍ കേരളത്തില്‍ 50 ശതമാനം വരെ നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതി സംബന്ധിച്ച പ്രദേശത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ചുച്ചേര്‍ത്ത പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന ഭാവി വികസനത്തിന് ഗെയില്‍ പദ്ധതി അനിവാര്യമാണ്. ഗെയില്‍ പാചക വാതക പദ്ധതിയുടെ ഭാഗമായി എറണാകുളം സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ നടപ്പാക്കും. നവംബറില്‍ പദ്ധതിയുടെ ടെന്‍ഡര്‍ ഉറപ്പിക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നുള്ള വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ വീടുകള്‍ക്കും ഫഌറ്റുകള്‍ക്കുമടക്കം പൈപ്പ്‌ലൈന്‍ വഴി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest