Connect with us

Gulf

ദുബൈ ട്രാം: ആര്‍ ടി എ ഡ്രൈവിംഗ് മാന്വല്‍ പരിഷ്‌കരിച്ചു

Published

|

Last Updated

ദുബൈ: അടുത്ത മാസം ദുബൈ ട്രാം ഓടിത്തുടങ്ങുന്നതിന്റെ ഭാഗമായി ആര്‍ ടി എ സെയ്ഫ് ഡ്രൈവിംഗ് മാന്വല്‍ പരിഷ്‌ക്കരിച്ചു. ഡ്രൈവിംഗ് പഠക്കാനായി എത്തുന്നവര്‍ക്കുള്ള മാന്വലിലാണ് ആര്‍ ടി എ പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നത്. ട്രാമുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത ചിഹ്നങ്ങളും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ട്രാം സിഗ്നലുകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് വാഹനം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിത്.

തീവണ്ടികളും മറ്റും അവക്കായി സജ്ജമാക്കിയ പ്രത്യേക പാതയിലൂടെ ഓടുമ്പോള്‍ ട്രാമുകള്‍ റോഡിനും വാഹനങ്ങള്‍ക്കും ഇടയിലൂടെ കൃത്യമായ ഇടവേളകളില്‍ ഓടുമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കാനിടയുള്ള അപകടങ്ങള്‍, പ്രത്യേകിച്ചും ട്രാമും വാഹനങ്ങളും കൂട്ടിയിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഗതാഗത ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹമ്മദ് ബഹ് റൂ സിയാന്‍ വ്യക്തമാക്കി.
വിവിധ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് ഈ ഗതാഗത ചിഹ്നങ്ങള്‍ ഉപകരിക്കും.
അടുത്ത മാസം 11 ആണ് ട്രാം ഓടാന്‍ തുടങ്ങുക. യു എ ഇയില്‍ ആദ്യമായാണ് ഇത്തരം ഒരു ഗതാഗത മാര്‍ഗം നടപ്പാക്കുന്നത്. പരമ്പരാഗത ട്രാം സങ്കല്‍പത്തില്‍ നിന്നു മാറി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ട്രാം രൂപകല്‍പന ചെയ്തിരിക്കുന്നതും നടപ്പാക്കുന്നതും. ട്രാം പോകുന്ന പാതകകളോട് ചേര്‍ന്നു സഞ്ചരിക്കുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാര്‍ക്കുമെല്ലം ഉപകരിക്കുന്ന രീതിയിലാണ് ചിഹ്നങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വിവിധ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലായി പരിശീലനം നേടുന്നവരെ പുതിയ ചിഹ്നങ്ങള്‍ പഠിപ്പിക്കും. ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി ക്ലാസിലാണ് ചിഹ്നങ്ങള്‍ പഠിപ്പിക്കുക എന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കി റോഡില്‍ എത്തുന്നവര്‍ക്ക് എളുപ്പത്തില്‍ അവ മനസിലാക്കാന്‍ സാധിക്കും. ട്രാം ഓടുമ്പോള്‍ റോഡില്‍ എന്തെല്ലാം കാര്യങ്ങളാണ് വാഹനത്തിന്റെയും ട്രാമിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ടത് എന്നത് വളരെ പ്രധാനമാണ്. ട്രാമിന്റെ ഗതാഗതം തടസപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും പാതയുടെ സമീപത്ത് അനുവദിക്കില്ലെന്നും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ട്രാം നിയമങ്ങളില്‍ ഇളവ് ലഭിക്കുകയെന്നും അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.
ട്രാം പാതയിലേക്ക് ചുവപ്പ് സിഗ്നല്‍ മറികടന്നെത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ആര്‍ ടി എ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക.

 

Latest