Connect with us

National

ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫട്‌നാവിസിനെ തിരഞ്ഞെടുത്തു. ബി ജെ പി സംസ്ഥാന പ്രസിഡന്റായ ഫട്‌നാവിസിന്റെ പേര്‍ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ഇതുവരെ പ്രതിപക്ഷ നേതാവായിരുന്ന ഏകനാഥ് ഖദ്‌വെയാണ്. നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന വിനോദ് താവ്‌ഡെ പാര്‍ട്ടി കോര്‍ഗ്രൂപ്പ് അംഗങ്ങളായ സുധീര്‍ മുന്‍ഗന്‍തിവാര്‍, പങ്കജ് മുണ്ടെ എന്നിവര്‍ പിന്താങ്ങി.
44കാരനായ ഫട്‌നാവിസ് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ നിന്നും നാഗ്പൂരിന്റെ മേയറായി ഉയര്‍ന്നു. നാഗ്പൂരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു അദ്ദേഹം. ആര്‍ എസ് എസ് പ്രചാരക് എന്ന നിലയില്‍ പാര്‍ട്ടിയില്‍ നന്നായി കാലുറപ്പിച്ചാണ് ഫട്‌നാവിസ് മുന്നേറിയത്. 1999ല്‍ ആദ്യമായി നിയമസഭയില്‍ എത്തിയ അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണ വിജയം ആവര്‍ത്തിച്ചു. മഹാരാഷ്ട്രയുടെ പ്രഥമ ബി ജെ പി മുഖ്യമന്ത്രിയാണ് അദ്ദേഹം. ഇപ്പോള്‍ നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി ജെ പി നദ്ദ എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി ബി ജെ പി നിയമസഭാകക്ഷി യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഫട്‌നാവിസിന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു.
ഈ മാസം 31ന് വാന്‍ഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ സാന്നിധ്യത്തില്‍ ഫട്‌നാവിസ് മന്ത്രിസഭ അധികാരമേല്‍ക്കും. നിരവധി കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി മുഖ്യമന്ത്രിമാരും പ്രമുഖ പാര്‍ട്ടി നേതാക്കളും തഥവസരത്തില്‍ സന്നിഹിതരാകും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ കരുത്തോടെ നയിച്ച, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ ഫട്‌നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രധാനമന്ത്രി മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറ്റ സഹയാത്രികനാണ് ഫട്‌നവീസ്.
കേന്ദ്രമന്ത്രി ഗാഡ്കരിയടക്കം ഒട്ടേറെ പേര്‍ മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുംനട്ട് രംഗത്തുണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വത്തിന്റെ കലവറയില്ലാത്ത പിന്തുണ ഫട്‌നാവിസിനായിരുന്നു.
നിയമസഭാ തിരഞ്ഞുടുപ്പിന് തൊട്ട് മുമ്പ് സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് കാല്‍ നൂറ്റാണ്ട് നിലനിന്നിരുന്ന ബി ജെ പി- ശിവസേന മുന്നണി തകര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത ചതുഷ്‌കോണ മത്സരമായിരുന്നു. 288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 122ഉം, മുന്‍ സഖ്യ കക്ഷി ശിവസേനക്ക് 63ഉം സീറ്റുകളാണുള്ളത്. ഇവരുടെ പിന്തുണ ബി ജെ പി ഉറപ്പാക്കിയിട്ടുണ്ട്. ശിവസേനക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യവും ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉടനെ നടക്കും.