Connect with us

Wayanad

പട്ടികവര്‍ഗക്കാര്‍ക്ക് വയനാട്ടില്‍ എക്‌സലന്‍സ് സെന്റര്‍: മന്ത്രി ജയലക്ഷ്മി ഡല്‍ഹിയില്‍

Published

|

Last Updated

കല്‍പ്പറ്റ: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുള്ള എക്‌സലന്‍സ് സെന്റര്‍ വയനാട്ടില്‍ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രപട്ടികവര്‍ഗ്ഗകാര്യ മന്ത്രി ജുവല്‍ ഓറോവുമായി കൂടിക്കാഴ്ച നടത്തുന്ന പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ഗോത്രജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മാതൃകയില്‍ സ്വയംഭരണ സ്ഥാപനത്തിനാണ് ശുപാര്‍ശയുള്ളത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കേരള സര്‍വ്വകലാശാല പി.വി.സിയുമായ ഡോ. എന്‍. വീര മണികണ്ഠന്‍ കണ്‍വീനറും എം.ജി. സര്‍വ്വകലാശാല പി.വി.സി. ഡോ. ഷീന ഷുക്കൂര്‍, സി.ഐ. അബ്ദുറഹ്മാന്‍, ഡോ. എബിജോര്‍ജ്, ജലീഷ് പീറ്റര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഈ കേന്ദ്രം ആരംഭിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആലോചിക്കുകയും നിയോജകമണ്ഡലം എം.എല്‍.എയും വകുപ്പ് മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇരുപതിനായിരത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠനംനടത്തുന്ന ഈ സ്ഥാപനത്തിന്റെ മാതൃകയില്‍ കേരളത്തിലും ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ ഇന്‍സ്റ്റിറ്റിയൂട്ടിന് ധനസഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രപ്പോസല്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേന്ദ്ര പട്ടികവര്‍ഗ്ഗകാര്യ വകുപ്പ് മന്ത്രി ജുവല്‍ ഓറം വിളിച്ചുചേര്‍ത്ത സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് (ചൊവ്വ) ഡല്‍ഹിയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ മന്ത്രി ജയലക്ഷ്മി ഡല്‍ഹിക്ക് തിരിച്ചു. കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി എക്‌സലന്‍സ് സെന്ററിനുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രീപ്രൈമറിതലം മുതല്‍ ഗവേഷണതലം വരെ പഠിക്കാനും തൊഴില്‍ പരിശീലനത്തിനുമായി ഒരു കേന്ദ്രം ആരംഭിച്ചാല്‍ ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഇത് വഴിവെക്കും. ഗോത്രകലകള്‍, സംസ്‌ക്കാരം, ഭാഷ, പാരമ്പര്യ വൈദ്യം, പൈതൃകം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഗുരുകുല മാതൃകയിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും വി്ദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്നതിനുമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ തലങ്ങളില്‍ കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജോലി നേടുന്നതിനുള്ള പരിശീലനവും വിദഗ്ധ തൊഴില്‍ പരിശീലനവും വകുപ്പ് ലക്ഷ്യമിടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം തേടുകയാണ് മന്ത്രി ജയലക്ഷ്മിയുടെ ഡല്‍ഹി യാത്ര ലക്ഷ്യം.