Connect with us

Malappuram

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മികച്ചതാക്കാന്‍ തിരൂര്‍ ഒരുങ്ങുന്നു

Published

|

Last Updated

തിരൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മികച്ചതാക്കാന്‍ തിരൂര്‍ തയ്യാറെടുക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ചരിത്രമാക്കിയ ജില്ലയില്‍ ഇത്തവണ നടക്കുന്ന ശാസ്‌ത്രോത്സവം വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം തിരൂരില്‍ നടക്കുക.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയില്‍ ആണെന്നുള്ളതും മേളക്ക് മാറ്റ് കൂട്ടും. മുന്‍ വര്‍ഷങ്ങളില്‍ ശാസ്ത്രമേള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നെങ്കില്‍ ഈ വര്‍ഷം മുതല്‍ ശാസ്‌ത്രോത്സവം എന്ന പേരിലായിരിക്കും അറിയപ്പെടുക. ശാസ്‌ത്രോത്സവം എന്ന പേരിലെ ആദ്യ പരിപാടിക്കാണ് തിരൂര്‍ ആതിഥ്യമരുളുക.
വിജയികള്‍ക്ക് കിരീടമായി 125 പവന്റെ സ്വര്‍ണ കപ്പ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ വര്‍ഷം മുതലാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കമിടുന്നത്. 125 പവന്റെ റോളിങ്ങ് ട്രോഫി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു രൂപ വീതം സ്വരൂപിച്ചായിരിക്കും ഒരുക്കുക.
കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായിരിക്കും സ്വര്‍ണകപ്പിന് അര്‍ഹത. കപ്പിന്റെ രൂപം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൈതലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ സി.കെ മോഹനന്‍, ബ്ലോക്ക് വൈസ്പ്രസിഡന്റ് അഡ്വ.സഫിയ, നഗരസഭ അദ്ധ്യക്ഷ കെ.സഫിയ, വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, ഡി.വൈ.എസ്.പി അസൈനാര്‍, പി.ആര്‍.ഒ ആര്‍ ബാബു, ഡി ഡി ഇ പി.കെ ജയന്തി, ഡിഇഒമാരായ സഫറുള്ള, കെ.കെ കമലം എന്നിവര്‍ പ്രസംഗിച്ചു.