Connect with us

Malappuram

ചിങ്കക്കല്ല് കോളനിക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

കാളികാവ്: ചേനപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ ചിങ്കക്കല്ല് കോളനിയിലും കൂറ്റന്‍ മരങ്ങള്‍ ആദിവാസികളുടെ വീടിനും ജീവനും ഭീഷണിയായി. ചിങ്കക്കല്ല് കോളനിയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് തന്നെ ഉള്ള കൊറ്റിവെള്ളന്‍ എന്നയാളുടെ കുടിലിനോട് ചേര്‍ന്ന് പാറപ്പുറത്താണ് കൂറ്റന്‍ മരം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.
പലപ്രാവശ്യം മരക്കൊമ്പ് വീണ് വീട് തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്തുള്ള വീടുകള്‍ക്ക് സമീപത്തെല്ലാം ഇത്തരം നിരവധി വന്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ചേനപ്പാടി കോളനിയില്‍ കൂറ്റന്‍ മരം കടപുഴകി വീണ് പിഞ്ചുബാലന്‍ മരണപ്പെടുകയും രണ്ട് കുടിലുകള്‍ പൂര്‍ണമായി തകരുകയും ചെയ്തിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈലന്റ് വാലി ബഫര്‍സോണ്‍ ഓഫീസിനോട് ചേര്‍ന്നാണ് ചിങ്കക്കല്ല് കോളനി സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടോളം കുടുംബങ്ങളാണ് കോളനിയില്‍ കഴിയുന്നത്. വനത്തിനുള്ളിലൂടെ കുതിച്ചൊഴുകുന്ന പുഴയോട് ചേര്‍ന്നാണ് ചിങ്കക്കല്ല് കോളനി. പ്ലാസ്റ്റീക്ക് ഷീറ്റുകള്‍ കൊണ്ട് മറച്ചതും മേഞ്ഞതുമായ കുടിലുകളിലാണ് ചില കുടുംബങ്ങള്‍ താമസിക്കുന്നത്.
മരങ്ങള്‍ വീണും കൊമ്പുകള്‍ ചാടിയും തകര്‍ന്ന വീടുകളിലാണ് കോളനിക്കാര്‍ പലരും ഇപ്പോഴും കഴിയുന്നത്. ആനകളില്‍ നിന്ന് സംരക്ഷണം നേടുന്നതിന് കോളനിക്ക് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തന രഹിതമാണ്. പുഴയിലൂടെ വെള്ളം കുതിച്ചൊഴുകുന്നതിന്റെ ശബ്ദം കാരണം പലപ്പോഴും മരങ്ങള്‍ പൊട്ടിവീഴുന്നതും കാട്ടാനകള്‍ എത്തുന്നതും അറിയാന്‍ പോലും കഴിയാറില്ല. ഓരോ ദിവസവും അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്.
ചേനപ്പാടി കോളനിയില്‍ ഉണ്ടായ ദുരന്തം ചിങ്കക്കല്ല് കോളനിക്കാരെ സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ്.

 

Latest