Connect with us

Kozhikode

സ്വകാര്യ റസ്റ്റോറന്റ് അടിച്ചുതകര്‍ത്ത കേസ്: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കായി വീടുകളില്‍ റെയ്ഡ്

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ പി ടി ഉഷ റോഡിലെ സ്വകാര്യ റസ്റ്റോറന്റ് അടിച്ച് തകര്‍ത്ത കേസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കായി വെള്ളയില്‍ പോലീസ് റെയ്ഡ് നടത്തി. വെള്ളയില്‍ എസ് ഐ. സി മോഹനദാസന്റെ നേതൃത്വത്തിലാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ ഒമ്പതരക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് നാല് വരെ തുടര്‍ന്നു.
റസ്റ്റോറന്റ് ആക്രമണ കേസില്‍ ഒന്നാം പ്രതിയായ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവിന്റെ പന്തീരങ്കാവിലെ വാടകവീട്ടിലും നഗരത്തിലുള്ള ഭാര്യാ വസതിയിലുമാണ് തിരച്ചില്‍ നടത്തിയത്. നടക്കാവിലുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, മാറാട്, കോട്ടൂളി, മാങ്കാവ്, എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
കേസില്‍ രണ്ടാം പ്രതിയായ പ്രശോഭ് കാസര്‍കോട് ചെറുവത്തൂരിലേക്ക് പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൂന്നാം പ്രതി പ്രബീഷിന്റെ കരുവിശ്ശേരിയിലെ വീട്ടിലും നാലാം പ്രതി ഷൈബുവിന്റെ ബി ജി റോഡിലെ വീട്ടിലും ചെറിയ മാങ്കാവ് കടുപ്പിനിയിലെ റിജുവിന്റെ താമസസ്ഥലത്തും പോലീസ് തിരച്ചില്‍ നടത്തി.
കഴിഞ്ഞ 23ന് ഉച്ചക്ക് 12 മണിക്കാണ് നഗരത്തിലെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് ആക്രമിക്കപ്പെട്ടത്. യുവതി- യുവാക്കള്‍ക്ക് അടുത്തിടപടാന്‍ അവസരം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ പതിനെഞ്ചോളം പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങളുമായെത്തി റസ്റ്റോറന്റ് അടിച്ച് തകര്‍ത്തത്. യുവമോര്‍ച്ച നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് വെസ്റ്റ്ഹില്‍ ഡെയ്‌നിവില്ലയില്‍ നിവേദ് (26) മാത്രമാണ് കേസില്‍ ഇതിനകം അറസ്റ്റിലായത്.

Latest