Connect with us

Kozhikode

എന്‍ ആര്‍ എച്ച് എം ഫണ്ട് നിര്‍ത്തലാക്കുന്നു; വിവിധ പദ്ധതികള്‍ നിശ്ചലമായേക്കും

Published

|

Last Updated

കോഴിക്കോട്: എന്‍ ആര്‍ എച്ച് എം ഫണ്ട് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഇനീഷ്യേറ്റീവ് ഇന്‍ മെന്റല്‍ ഹെല്‍ത്ത് (കെ ഐ എം എച്ച്) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കളെയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കെ ഐ എം എച്ച് നാളെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് മൂന്നിന് ന്യൂനളന്ദ ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് മാനസിക രോഗികള്‍ക്കും ബുദ്ധി വികാസമില്ലാത്ത കുട്ടികള്‍ക്കും വേണ്ടി വിവിധ പദ്ധതികള്‍ നടത്തിവരുന്നതെന്നിരിക്കെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അവ നിര്‍ത്തലാക്കുന്നതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. സാമൂഹിക- മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി, ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ്, കമ്മ്യൂണിറ്റി ഡവലപ്‌മെന്റല്‍ ഡിസബലിറ്റി പ്രോഗ്രാം എന്നിവ പ്രതിസന്ധി കാരണം അവസാനിക്കാന്‍ സാധ്യതയുള്ള പദ്ധതികളാണ്. ഈ നാല് പദ്ധതികളും നടപ്പിലാക്കുന്നതിനായി ഒരു വര്‍ഷം 1.75 കോടിയോളം രൂപയാണ് ഇംഹാന്‍സിന് ചെലവ് വരുന്നത്.
ഈ വര്‍ഷം എന്‍ ആര്‍ എച്ച് എം പദ്ധതികള്‍ തള്ളിക്കളഞ്ഞതോടെ ഇപ്പോള്‍ ഭാഗികമായും അടുത്ത മാസം മുതല്‍ പൂര്‍ണമായും സാമ്പത്തിക സഹായം അവസാനിക്കാന്‍ പോകുകയാണ്. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രതിസന്ധി മറികടക്കുന്നതിനായി പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് കെ ഐ എം എച്ച് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ മധുസൂദനന്‍, കെ സി രാമചന്ദ്രന്‍, ബഷീര്‍, ജോണി പങ്കെടുത്തു.