Connect with us

Kozhikode

പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന യുവാക്കളെ സഹായിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ഐ ടി മേഖലയില്‍ ഇപ്പോള്‍ അനന്തസാധ്യതയാണുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു എല്‍ സൈബര്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ട് നിര്‍മാണം നടക്കുന്ന ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും. വിദൂര ഭാവിയില്‍ കോഴിക്കോട് നഗരം വലിയ ഐ ടി കമ്പനികളുടെ സിറ്റിയായി മാറും.
ഐ ടി മേഖലയിലുള്ള മലയാളികളുടെ കഴിവ് ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ കഴിവ് പുറത്തെടുക്കാനുള്ള സാഹചര്യം ഇവിടെ ഒരുക്കിക്കൊടുക്കണം. പുതിയ സംരംഭകരുടെ പുതിയ ആശയങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനു കഴിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പദ്ധതിയെക്കുറിച്ച് ചെയര്‍മാന്‍ സഞ്ജയ് വിശദീകരിച്ചു. ഇന്‍ഫോസിസ് സഹ ഉടമ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാര്‍ട്ട് വില്ലേജ് ആപ്ലിക്കേഷന്‍ കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം പുറത്തിറക്കി. ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകനുള്ള കരാര്‍ എം കെ രാഘവന്‍ എം പി കൈമാറി. എ പ്രദീപ്കുമാര്‍ എം എല്‍ എ സ്റ്റാര്‍ട്ട് അപ് വില്ലേജ് ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. യു എല്‍ സൈബര്‍ പാര്‍ക്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പലേരി രമേശന്‍, സൈബര്‍ പാര്‍ക്ക് സി ഇ ഒ അജിത്കുമാര്‍, ടി പി രാമകൃഷ്ണന്‍, കെ സി അബു, എം എ റസാഖ്, പി രഘുനാഥ് പങ്കെടുത്തു. യു എല്‍ സൈബര്‍ പാര്‍ക്കില്‍ 2530 സ്‌ക്വയര്‍ഫീറ്റിലാണ് സ്റ്റാര്‍ട്ട് അപ് വില്ലേജ് ഒരുങ്ങുന്നത്.

Latest