Connect with us

Palakkad

പി ടി എം വൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക പരിശീലനം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മൈതാനത്ത്‌

Published

|

Last Updated

കൊപ്പം: എടപ്പലം പി ടി എം വൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികപരിശീലനം കല്ലും മുള്ളും കുറ്റിക്കാടും നിറഞ്ഞ കളിമൈതാനത്തില്‍. ജില്ലയില്‍ തന്നെ മികച്ച പഠനനിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍—അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള കാത്തിരിപ്പ് നീളുന്നു. കലാകായിക ക്ലബുകളും എന്‍ സി സി പോലെയുള്ള കുട്ടികളുടെ സന്നദ്ധ വിഭാഗങ്ങളുമൊക്കെയായി പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍പിലാണെങ്കിലും ഒരു കളിമൈതാനമില്ലെന്നതാണ് സ്‌കൂളിലെ വലിയ പോരായ്മ.
ഉദ്ഘാടനം കാത്ത് കഴിയുന്ന പുതിയ ബ്ലോക്കിനടുത്തായി കളി മൈതാനമുണ്ടെങ്കിലും കല്ലും മുള്ളും നിറഞ്ഞ കുറ്റിക്കാടാണ്. മഴക്കാലത്ത് മൈതാനം വെള്ളത്തിലുമായിരിക്കും. ഇവിടെയാണ് സ്‌കൂളിലെ മൂവായിരത്തോളം വരുന്ന കുട്ടികളുടെ കായികപരിശീലനം. കളിമൈതാനം വൃത്തിയാക്കി സ്‌റ്റേജും ഗ്യാലറിയും ഗോള്‍പോസ്റ്റും ചുറ്റുമതിലും പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാത്രിയായാല്‍ സ്‌കൂളും പരിസരവും സാമൂഹിക വരുദ്ധരുടെ താവളമായിരിക്കും. സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നും മൈതാനത്തേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിലാണ് കുട്ടികളുടെ ഊഞ്ഞാലാട്ടം. കാറ്റിലും മഴയിലും സ്‌കൂള്‍ വളപ്പിലേക്ക് വീണ മരം വെട്ടിമാറ്റാത്തത് അപകഭീഷണി ഉയര്‍ത്തുന്നു. മൈതാനത്തിനടുത്തായി നീന്തല്‍കുളമുണ്ടെങ്കിലും ചുറ്റുമതിലും വേലിയുമില്ലാത്തതിനാല്‍ സുരക്ഷാഭീഷണിയുണ്ട്. ഒട്ടേറെ പ്രതിഭകളെയും മിടുക്കന്മാരെയും സംഭാവന ചെയ്ത സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടാകാത്തതില്‍ അധ്യാപകരും വിദ്യാര്‍ഥികളും അസംതൃപ്തരാണ്. ലാബ് സൗകര്യങ്ങളും സ്‌കൂളില്‍ കുറവാണ്. 80 വിദ്യാര്‍ഥികള്‍ക്ക് ഇവിടെയുള്ളത് ഒരു കംപ്യൂട്ടറാണ്. സി പി മുഹമ്മദ് എം എല്‍ എ എല്‍സിഡിയും പ്രൊജക്ടറും കംപ്യൂട്ടറും അനുവദിച്ചിട്ടുണ്ട്. ലൈബ്ര—റിയുടെ കാര്യവും കഷ്ടമാണ്. കുട്ടികള്‍ക്ക് വായിക്കാന്‍ അത്യാവശ്യം പുസ്തകങ്ങള്‍ പോലും ഇവിടെയില്ല. ഉള്ള ഗ്രന്ഥങ്ങള്‍ വായിക്കാനാളില്ലാതെ ലാബ് പൂട്ടിക്കിടക്കുയാണ്. വിവിധ ഇനത്തില്‍ കിട്ടുന്ന ഫണ്ടുകള്‍ കെട്ടിടനിര്‍മാണത്തിന് പോലും തികയുന്നില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സഹായങ്ങളും കുറവാണെന്ന് മാനേജ്‌മെന്റ് പറയുന്നു. ഫണ്ട് ലഭ്യമാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ടെന്നാണ് പി ടി എ കമ്മിറ്റിയുടെ പരാതി.