Connect with us

Wayanad

പടിഞ്ഞാറത്തറയിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവില്‍പ്പന വ്യാപകം

Published

|

Last Updated

പടിഞ്ഞാറത്തറ: കാവുമന്ദത്തെ വിദേശമദ്യ വില്‍പനശാല പൂട്ടിയതോടെ പടിഞ്ഞാറത്തറയിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവില്‍പന വ്യാപകമായി. ചില കടകളും വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ച് സമാന്തര ബാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കാവുമന്ദത്ത് മദ്യം കിട്ടാതായതു മുതലെടുത്ത് കല്‍പ്പറ്റ, വൈത്തിരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ മദ്യം വാങ്ങിക്കൊണ്ടു വന്ന് കൂടിയ വിലക്ക് വില്‍പന നടത്തി പണം സമ്പാദിക്കുന്ന ഒരു സംഘമാളുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 16-ാംമൈല്‍, പാണ്ടന്‍കോട്,കുപ്പാടിത്തറ, യു.പി സ്‌കൂള്‍, മൃഗാശുപത്രി പരിസരം എന്നിവിടങ്ങളില്‍
അനധികൃത മദ്യവില്‍പന സജീവമാണ്.
പലരും കൂലിപ്പണിയും മറ്റ് തൊഴിലുകളും ഉപേക്ഷിച്ചാണ് മദ്യവില്‍പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഒരു ദിവസം എങ്ങനെയായാലും മദ്യവില്‍പനയിലൂടെ ആയിരങ്ങള്‍ സമ്പാദിക്കുന്നവരുമുണ്ട്. ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിലൂടെയാണ് മദ്യം കടത്തുന്നത്. ആവശ്യക്കാര്‍ എത്തുമ്പോള്‍ രഹസ്യകേന്ദ്രത്തില്‍ നിന്ന് ഉടനടി ബൈക്കിലോ ഓട്ടോയിലോ മദ്യം എത്തിച്ചുകൊടുക്കും. കല്‍പ്പറ്റയിലോ വൈത്തിരിയിലോ എത്തി മദ്യപിക്കണമെങ്കില്‍ വണ്ടിക്കൂലിയടക്കം നല്ല ചെലവു വരുമെന്നതിനാല്‍ അമിതമായ വിലക്കാണ് അനധികൃതമായി മദ്യം വില്‍ക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ചില ഗുമ്മട്ടിക്കടകളും സംശയനിഴലിലാണ്. മദ്യപിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനു പുറമെ ചില കടകള്‍ കേന്ദ്രീകരിച്ച് മദ്യം വില്‍ക്കുന്നതായും ആരോപണമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തോട്ടങ്ങളിലും റോഡരുകിലും എറിഞ്ഞുടക്കുന്നതും നാട്ടുകാര്‍ക്ക് തലവേദനയായിട്ടുണ്ട്.

---- facebook comment plugin here -----

Latest