Connect with us

Wayanad

ബേങ്കിംഗ് സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കാന്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം

Published

|

Last Updated

കല്‍പ്പറ്റ: സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ബാങ്കുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച് അവബോധവും പരിശിലനവും നല്‍കുന്നതിനായി ജില്ലയില്‍ തീവ്ര സാമ്പത്തിക സാക്ഷരതായജ്ഞം സംഘടിപ്പിക്കുമെന്ന് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം വി രവീന്ദ്രന്‍ അറിയിച്ചു.
നാലു ബ്ലോക്കുകളിലും ബാങ്കുകളുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുക.
സാമ്പത്തിക ആസൂത്രണം, സമ്പാദ്യശീലം, ബാങ്കിംഗ് ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയിലൂടെ സാമ്പത്തിക സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ആസൂത്രണത്തലൂടെ അപ്രതീക്ഷിതമായ ചെലവുകള്‍ക്ക് പോലും കടം വാങ്ങാതെ സ്വന്തം സമ്പാദ്യമുപയോഗിക്കാന്‍ പ്രേരിപ്പിക്കുക, ബാങ്ക് വായ്പയുടെ പ്രയോജനവും കൃത്യമായ തിരിച്ചടവിന്റെ ഗുണഫലങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക, നല്ല ബാങ്കിംഗ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ലക്ഷ്യം.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കുന്നതിനും പരിപാടികളിലൂടെ ശ്രമം നടത്തും.
ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ മീനങ്ങാടിയിലും ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സു.ബത്തേരിയിലും സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കല്‍പ്പറ്റ ബ്ലോക്കില്‍ ഫെഡറല്‍ ബാങ്കിന്റേയും നബാര്‍ഡിന്റെ സഹായത്തോടെ ജില്ലാ സഹകരണബാങ്കിന്റേയും സാക്ഷരതാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പനമരത്ത് എസ്.ബി.ഐ.യുടെയും മാനന്തവാടിയില്‍ എസ് ബി ടി യുടെയും നേതൃത്വത്തില്‍ തുറന്ന കേന്ദ്രങ്ങളും സാമ്പത്തിക സാക്ഷരതാ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിലുള്ള സംശയ നിവാരണത്തിനും ഉപദേശത്തിനും സാമ്പത്തിക സാക്ഷരതാ കേന്ദ്രം ഉപദേശകരുമായി ബന്ധപ്പെടാവുന്നതാണ്. ഉപദേശകരുടെ പേര്, ബ്ലോക്ക്, ഫോണ്‍ നമ്പര്‍ ക്രമത്തില്‍ : ടി സി പ്രഭാകരന്‍-സു.ബത്തേരി ബ്ലോക്ക്- 9446259283, ഗിലി ജോര്‍ജ്-ബത്തേരി-9048181139, വി.ജെ. ഷിജോ-കല്‍പ്പറ്റ-9746892411, റിന്‍സ് ആന്റണി-കല്‍പ്പറ്റ-8547806781, കെ.പി. രതീഷ്-പനമരം-9446523800, നന്ദകുമാരന്‍വര്‍മ്മ- മാനന്തവാടി- 9447922856.
ഈ ലക്ഷ്യങ്ങളോടെ ജില്ലയിലാദ്യമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് രാവിലെ 10.30 ന് ബത്തേരി ശ്രേയസ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ ഉദ്ഘാടനം ചെയ്യും. ഗ്രാപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി കെ അസ്മത്ത് അധ്യക്ഷത വഹിക്കും.