Connect with us

Thrissur

വര്‍ധിപ്പിച്ച കെട്ടിട നികുതിയില്‍ ഇളവുവരുത്തുന്നു

Published

|

Last Updated

വാടാനപ്പള്ളി: ജനകീയ പ്രതിഷേധത്തിനുമുന്നില്‍ വാടാനപ്പള്ളി പഞ്ചായത്ത് നികുതി വര്‍ധനവില്‍ ഇളവുവരുത്തി. കെട്ടിട- വീടുനികുതിയില്‍ വരുത്തിയ വന്‍വര്‍ധന ഭരണസമിതിയോഗത്തില്‍ ഇളവുവരുത്തുവാന്‍ സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു.
വീട്ടു നികുതി ചതുരശ്രമീറ്ററിന് ചുരുങ്ങിയത് മൂന്നു രൂപയില്‍ നിന്ന് ഏഴുരൂപയാക്കാന്‍ രണ്ടുവര്‍ഷം മുമ്പ് ഭരണ- പ്രതിപക്ഷങ്ങള്‍ ഏകകണ്ഠമായടുത്ത തീരുമാനമാണ് തിരുത്താന്‍ തയ്യാറായത്. അഞ്ചു രൂപയായാണ് കുറവുവരുത്തുന്നത്. കൊമേഴ്‌സ്യല്‍ നികുതി 30 രൂപയില്‍ നിന്ന് 45 രൂപയാക്കിയത് 40 രൂപയായും കുറക്കും. നികുതി കുത്തനെ കൂട്ടിയതിനെതിരെ ജനകീയ സമരസമിതി രൂപവത്കരിക്കപ്പെടുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വര്‍ധിപ്പിക്കാന്‍ മുമ്പേ തീരുമാനിച്ചതിനാല്‍ ഇളവു വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം പരാതിയും പ്രതിഷേധവുമായെത്തിയ പലരുടേയും നികുതി സെക്രട്ടറി കുറച്ചുകൊടുത്തതായും വിവരമുണ്ട്. ഏറെ നേരത്തെ ചര്‍ച്ചക്കും തര്‍ക്കത്തിന്നുമൊടുവിലാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഗില്‍സാതിലകനെതിരെ സി പി എമ്മിലെ ഒരു വനിതാ അംഗം നടത്തിയ പരാമര്‍ശം യോഗത്തില്‍ ബഹളത്തിനിടയാക്കി. ആക്ഷേപം നടത്തിയ അംഗത്തെ സസ്‌പെന്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മുസ്‌ലീം ലീഗ്, ബി ജെ പി അംഗങ്ങളും, സി പി എം അംഗത്തിന്റെ പദപ്രയോഗത്തില്‍ പ്രതിഷേധിച്ചു. എന്നാല്‍ നികുതി വര്‍ധന കുറവുവരുത്തുവാന്‍ കഴിയില്ലെന്നു പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടില്‍ സി പി എം അംഗങ്ങളായ ലീന രാമനാഥന്‍, ശാന്തി ഭാസി, ജുബൈരിയ മനാഫ്, കെ എന്‍ വിമല, കെ കെ അനില്‍കുമാര്‍ പ്രതിഷേധിച്ചു.