Connect with us

Kasargod

ജില്ല പഞ്ചായത്തിന്റെ അവഗണ; തൃക്കരിപ്പൂര്‍ മാത്തില്‍ റോഡ് കുളമായി

Published

|

Last Updated

തൃക്കരിപ്പൂര്‍: വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തത് കാരണം കുണ്ടും കുഴിയുമായി മാറിയ വടക്കെക്കൊവ്വല്‍ റോഡ് വാഹനയാത്രക്കാര്‍ ഉപേക്ഷിക്കുന്നു. മാത്തില്‍ റോഡെന്ന പേരില്‍ അറിയപ്പെടുന്ന ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ റോഡില്‍ക്കൂടി ഇരുചക്ര, മുച്ചക്ര വാഹങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന വടക്കെക്കൊവ്വല്‍ വഴി നടക്കാവ് വരെയുള്ള ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണ് ഏറെ പരിതാപകരം. മഴ കനത്താല്‍ റോഡേത് തോടെതെന്ന നിലയിലാണ് അവസ്ഥ. ഇത് കാരണം കാല്‍നട പോലും കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. കാലങ്ങളായി ഈ നില തുടര്‍ന്നിട്ടും വേണ്ട ഇടപെടലുകള്‍ നടത്താതെയുള്ള അധികൃതരുടെ നിലപാടിനെതിരെ ജനരോഷം ഉയരുന്നു.
റീടാറിംഗിനായി കഴിഞ്ഞവര്‍ഷം മുപ്പത്തഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പണി നടന്നില്ല. ഇതേ എസ്റ്റിമേറ്റില്‍ ഇയ്യാക്കാട് റോഡില്‍ ഒരു ഡ്രൈനേജിന്റെ ജോലികൂടി ഉണ്ടായത് പ്രവര്‍ത്തിയുടെ ആരംഭത്തില്‍ത്തന്നെ പ്രാദേശിക ഇടപെടല്‍ കാരണം കരാറുകാരന്‍ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മൊത്തം പദ്ധതി ജില്ല പഞ്ചായത്ത് കേന്‍സല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടല്‍ കാരണം 40 ലക്ഷം രൂപ ചെലവില്‍ ഈ റോഡ് നവീകരിക്കാനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ല പഞ്ചായത്തിനെ ഉദ്ദരിച്ച് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം ടി പി കരീം പറഞ്ഞു. എങ്കിലും മുന്‍ അനുഭവത്തിന്റെ പാശ്ചാത്തലത്തില്‍ ഇത് നടക്കുമോയെന്ന ആശങ്ക നാട്ടുകാരിലുണ്ട്.

Latest