Connect with us

Editorial

കേന്ദ്രവും സംസ്ഥാനങ്ങളും

Published

|

Last Updated

ചില സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയും അവരുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നുവെന്ന പരാതി കുറച്ചായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. പി സദാശിവം ഗവര്‍ണറായി വന്നതോടെ കേന്ദ്രം കേരളത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നുവെന്ന സന്ദേഹം ബലപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ നോമിനിയെ തഴഞ്ഞാണ് ഡോ. എം കെ സി നായരെ ആരോഗ്യ സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സര്‍മാറായി ഗവര്‍ണര്‍ സദാശിവം നിയമിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വി സിയെ നിയമിച്ചപ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചയാളെ അദ്ദേഹം അംഗീകരിച്ചില്ല. നികുതിവര്‍ധന സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പ് വക്കുന്നതിനു മുമ്പ് സദാശിവം സര്‍ക്കാരിനോടു വിശദീകരണമാവശ്യപ്പെട്ടതും കേരളത്തിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രം ശേഖരിക്കുകയും അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ചെയ്യുന്നതമായുള്ള വാര്‍ത്തയും സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തില്‍ കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തുന്നതിന്റെ സൂചനകളായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. മാത്രമല്ല, കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാന ചീഫ് സെക്രട്ടറി വഴിയോ വകുപ്പ് സെക്രട്ടറി വഴിയോ നല്‍കുന്ന കീഴ്‌വഴക്കം ഉപേക്ഷിച്ചു ഉന്നതോദ്യോഗസ്ഥര്‍ക്ക് നേരിട്ടാണിപ്പോള്‍ മോദി സര്‍ക്കാര്‍ നല്‍കി വരുന്നത്. ഗാന്ധിജയന്തി ദിനവും സ്വച്ഛ്ഭാരത് പദ്ധതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍എത്തിയത് ഇങ്ങനെയായിരുന്നു.
ഫെഡറല്‍ സംവിധാനമാണ് സ്വതന്ത്രാനന്തരം രാഷ്ട്ര നേതാക്കള്‍ ഇവിടെ വിഭാവന ചെയ്തതും ഭരണഘടന അനുശാസിക്കുന്നതും. കേന്ദ്ര, സംസ്ഥാനങ്ങള്‍ക്കിടയില്‍ നല്ല ബന്ധം നിലനിര്‍ത്തി സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ലക്ഷ്യം സാധിച്ചെടുക്കുമ്പോഴാണ് ഫെഡറല്‍ സംവിധാനം ഫലപ്രദമാകുന്നത്. ഗവര്‍ണര്‍ പദവി ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിത്തീരണം. വൈസ് ചാന്‍സലര്‍ നിയമനം പോലെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം കൂടി പരിഗണിച്ചില്ലെങ്കില്‍ ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴികയും ഫെഡറലിസത്തിന്റെ അടിക്കല്ലിന് ഇളക്കം തട്ടുകയും ചെയ്യും. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിന്റെ പരമാധികാരത്തിനു മേല്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഗവര്‍ണറുടെ താത്പ്പര്യമാണ് വിലപ്പോവുക എന്നു വന്നാല്‍ ജനാധിപത്യത്തിന് പിന്നെ എന്താണ് വില? വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കേണ്ടതെന്നും ഗവര്‍ണര്‍ പദവി തന്നെ എടുത്തു കളയണമെന്നുമുള്ള വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരാനുണ്ടായ സാഹചര്യം സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനങ്ങള്‍ക്കെതിരായ ഗവര്‍ണര്‍മാരുടെ നീക്കങ്ങളായിരുന്നുവെന്ന കാര്യം വിസ്മരിക്കാവതല്ല.
1957ല്‍ കേരളത്തില്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തിലേറിയതോടെയാണ് ഗവര്‍ണര്‍പദവി ഉപയോഗിച്ചുള്ള കന്ദ്രത്തിന്റെ രാഷ്ട്രീയക്കളി തുടങ്ങിയത്. രാജ്യത്തെ പ്രഥമ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു അത്. അറുപതുകളുടെ അവസാനത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിതര സര്‍ക്കാറുകള്‍ വന്നതോടെ ഈ പ്രവണത ശക്തമായി. സംസ്ഥാന മുഖ്യമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുമായി ആലോചിച്ചു മാത്രമേ ഗവര്‍ണര്‍മാരെ നിയമിക്കാവൂ എന്ന സര്‍ക്കാറിയാ കമ്മീഷന്റെ ശിപാര്‍ശ അതോടെ അവഗണിക്കപ്പെടുകയും കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്നവരെ മാത്രം ആ പദവിയിലേക്ക് നിയമിക്കുകയും ചെയ്യുകയായി പിന്നീട്. ഗവര്‍ണര്‍ നിയമനത്തിന് രാഷ്ട്രീയം മാനദണ്ഡമാക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നയത്തിനെതിരെ ശക്തമായി ശബ്ദിച്ച കക്ഷിയാണ് ബി ജെ പി. നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ കോണ്‍ഗ്ര സര്‍ക്കാറിന്റെ തെറ്റ് തിരുത്തുന്നതിന് പകരം ആ വഴിയിലൂടെ തന്നെ സഞ്ചരിക്കുകയാണുണ്ടായത്. ഗവര്‍ണര്‍ പദവി ഈ വിധം ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ വിനിയോഗിക്കുമ്പോള്‍, വിഘടനവാദം ഉയര്‍ന്നുവരികയും കെട്ടുറപ്പുള്ള സുശക്തമായ ഇന്ത്യയെന്ന സങ്കല്‍പത്തിന് ക്ഷതമേല്‍ക്കുകയും ചെയ്യും. പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിഘടന വാദമുയരാന്‍ ഇടയാക്കിയതില്‍ ഈ സംസ്ഥാനങ്ങളുടെ അപ്രീതിക്കിടയാക്കിയ കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്. കേന്ദ്ര, സംഥാന സര്‍ക്കാറുകള്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുമ്പോള്‍ അത് പരിഹരിക്കാനായി അന്തര്‍സംസ്ഥാന കൗണ്‍സിലുകളുടെ രൂപവത്കരണമാണ് ഭരണഘടന നിര്‍ദേശിക്കുന്ന മാര്‍ഗം.1990 ല്‍ കൗണ്‍സിന്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം നിര്‍ജീവമാണ്. അത് സജീവമാക്കി സംസ്ഥാനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും പരസ്പരം നല്ല ബന്ധം നിലനിര്‍ത്താനുമുള്ള നീക്കം ഇന്ന് അനിവാര്യമായിരിക്കുന്നു.

Latest