Connect with us

Kerala

എസ് വൈ എസ് ജനകീയ കൃഷിത്തോട്ടങ്ങളൊരുക്കുന്നു

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തൊട്ടാകെ ജനകീയ കൃഷിത്തോട്ടങ്ങളൊരുക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ മലപ്പുറത്ത് നടക്കും.
കാര്‍ഷിക സംസ്‌കാരം പുനരുജ്ജീവിപ്പിക്കുന്നതിനും നെല്ല്, പച്ചക്കറി കൃഷികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും കാര്‍ഷിക രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാതലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും പഠനവേദികളും സംഘടിപ്പിക്കും.
കീടനാശിനികളുപയോഗിച്ച് ഉത്പാദിപ്പിച്ച് മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ വരുന്ന മാരകമായ രോഗങ്ങളെക്കുറിച്ച് യൂനിറ്റ് എസ് വൈ എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തും. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് യൂനിറ്റുകളില്‍ നാട്ടുകൂട്ടങ്ങള്‍ സംഘടിപ്പിച്ച് ആവശ്യമായ പരിശീലനം നല്‍കുകയും വിത്തുകള്‍ ലഭ്യമാക്കുകയും ചെയ്യും. എസ് വൈ എസിനു കീഴില്‍ സംസ്ഥാനത്തെ 60 സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടന ദത്തെടുക്കും. വാര്‍ഡുകളുടെ ആധുനിക രീതിയിലുള്ള നവീകരണം, ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ജില്ല, താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കി സൗജന്യമായി മരുന്നു ലഭ്യമാക്കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ട്.
60ാം വാര്‍ഷിക സമ്മേളനത്തോടെ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാന്ത്വനം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും. 2015 ഏപ്രില്‍ 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറത്ത് താജുല്‍ ഉലമ നഗറിലാണ് സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ എസ് വൈ എസ് 60ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നടക്കുന്നത്.
ഇതു സംബന്ധമായി ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇ സി കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി, തുടങ്ങിയവര്‍ സംബന്ധിച്ചു. എ മുഹമ്മദ് സ്വാഗതവും അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.