Connect with us

Gulf

കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ പോലീസിന് ഗൂഗിള്‍ ഗ്ലാസ്

Published

|

Last Updated

ദുബൈ: ദുബൈ പോലീസിന് സഹായിയായി ഗൂഗിള്‍ ഗ്ലാസ് എത്തുന്നു. രഹസ്യാന്വേഷണ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആധുനിക സാങ്കേതിക വിദ്യാ ഉത്പന്നം വിതരണം ചെയ്യാന്‍ അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമറ, കമ്പ്യൂട്ടര്‍ എന്നിവ ഉണ്ടെന്നതാണ് ഗൂഗിള്‍ ഗ്ലാസിന്റെ സവിശേഷത. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഗ്ലാസിന്റെ സ്‌ക്രീനില്‍ കാണാന്‍ കഴിയും. കുറ്റകൃത്യം നടക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്നു മാത്രമല്ല, ഉടന്‍ തന്നെ അവ ഡാറ്റാബേസ് കേന്ദ്രത്തിലേക്ക് എത്തിക്കാനും സാധിക്കും. കുറ്റവാളിയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.
ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നു. നിയമം ലംഘിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ റഡാറിന്റെ ദൗത്യമാണ് ഗൂഗിള്‍ ഗ്ലാസ് ഏറ്റെടുക്കുക. 1,500 ഡോളറാണ് ഗ്ലാസിന്റെ ശരാശരി വില.
ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള പോലീസാണ് ദുബൈയിലേത്. നാലു ലക്ഷം ഡോളര്‍ വിലയുള്ള ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ ദുബൈ പോലീസിന് സ്വന്തം. ഇത് പോലീസിന്റെ ആത്മവീര്യം വര്‍ധിപ്പിച്ചു. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരമായി ദുബൈ മാറുകയും ചെയ്തു.