Connect with us

Gulf

പാക്കിസ്ഥാന് വിജയമൊരുക്കിയത് ദുബൈയിലെ പിച്ചിന്റെ സ്വഭാവം

Published

|

Last Updated

ദുബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ കരുത്തരായ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാന് ദുബൈ രാജ്യാന്തര സ്റ്റേഡിയം സ്വന്തം മൈതാനം പോലെ. പല മികച്ച വിജയങ്ങളും അവര്‍ക്ക് ദുബൈയും ഷാര്‍ജയും നേടിക്കൊടുത്തിട്ടുണ്ട്. ഇന്നലെ ആസ്‌ത്രേലിയയെ 221 റണ്‍സിനാണ് ദുബൈയില്‍ പാക്കിസ്ഥാന്‍ തകര്‍ത്തത്. ക്രമസമാധാന പ്രശ്‌നമുള്ളത് കാരണം മിക്ക രാജ്യങ്ങളും പാക്കിസ്ഥാനില്‍ കളിക്കാറില്ല. അത് കാരണം ന്യൂട്രല്‍ വേദി എന്ന നിലയിലാണ് യു എ ഇയിലെ മൈതാനങ്ങളെ അത്തരം രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. പോരാത്തതിന് രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐ സി സി)യുടെ ആസ്ഥാനവുമാണ് ദുബൈ.
യു എ ഇ വേദികളുടെ ആതിഥേയത്വം സ്ഥിരമായി പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്, പാക്കിസ്ഥാന് അനുകൂല ഘടകങ്ങള്‍ ഏറെയുള്ളത് കൊണ്ടാണ്. ധാരാളം പാക്കിസ്ഥാനികള്‍ യു എ ഇയിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ പിച്ചിന്റെ സ്വഭാവ സവിശേഷതകള്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലുണ്ട്.
ഇന്നലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്, രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ യൂനുസ് ഖാനാണെങ്കിലും പാക്കിസ്ഥാന് വിജയപാത ഒരുക്കിയത് സ്പിന്നര്‍മാര്‍.
മൂന്നാം ടെസ്റ്റ് കളിക്കുന്ന സ്പിന്നര്‍ സുല്‍ഫിക്കര്‍ ബാബര്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നേടി. അരങ്ങേറ്റം കുറിച്ച ലെഗ്‌സ്പിന്നര്‍ യാസിര്‍ ഷാ നാലു വിക്കറ്റ് നേടി. ഓന്നാം ഇന്നിംഗ്‌സിലും ഇരുവരും തന്നെയാണ് ആസ്‌ത്രേലിയയെ തകര്‍ത്തത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് ദുബൈയിലെ പിച്ചെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. 2012ല്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ വിജയിച്ചതും സ്പിന്നര്‍മാരുടെ പിന്‍ബലത്തിലാണ്. അന്ന് ഓഫ് സ്പിന്നറായ സഈദ് അജ്മലാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. അടുത്ത ടെസ്റ്റ് ഒക്‌ടോബര്‍ 30ന് അബുദാബിയിലാണ്.

Latest