Connect with us

Gulf

എം എ യൂസുഫലി ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍

Published

|

Last Updated

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക ദുബൈയില്‍ അറേബ്യന്‍ ബിസിനസ് ഡോട്ട് കോം പുറത്തിറക്കി. തുടര്‍ച്ചയായ അഞ്ചാമത് തവണയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി പട്ടികയില്‍ ഒന്നാമതെത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് തുടര്‍ച്ചയായ അഞ്ചാമതും ഒന്നാം സ്ഥാനം യൂസുഫലിക്ക് നേടിക്കൊടുത്തത്. കഴിഞ്ഞ ജൂണില്‍ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പിലും ഹാട്രിക്കോടെ യൂസുഫലി സ്ഥാനം നിലനിര്‍ത്തിയിരുന്നു.
മലേഷ്യയിലും ഇന്തോനേഷ്യയിലും അടുത്ത വര്‍ഷത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമാണ് മധ്യ പൗരസ്ത്യ മേഖലയിലുള്ളത്. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് റീട്ടെയില്‍ സ്ഥാപനങ്ങളിലൊന്നാണ് ലുലു ഗ്രൂപ്പ്. 520 കോടി ഡോളര്‍ വിറ്റുവരവുള്ള ഗ്രൂപ്പ് ഡിസംബറില്‍ ബ്രസീലിലും തുര്‍ക്കിയിലും അടുത്തു തന്നെ റീജണല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും.
കച്ചവടത്തിനായി ഇന്ത്യയില്‍ എത്തി ലോകം കീഴടക്കിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പത്ത് ശതമാനം ഓഹരി ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി നേടിയത് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിലും യൂസുഫലി ഇടം പിടിച്ചിരുന്നു. 32 രാജ്യങ്ങളിലായി 31,000ത്തിലധികം ജീവനക്കാരുള്ള ഗ്രൂപ്പ് ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ്.

ജി സി സിയില്‍ സ്വാധീനം:മലയാളികള്‍ നിരവധി

ദുബൈ: ജി സി സിയില്‍ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ പട്ടിക അറേബ്യന്‍ ബിസിനസ് ഡോട്ട് കോം പുറത്തുവിട്ടപ്പോള്‍ ഇടം പിടിച്ച മലയാളികള്‍ 20 പേര്‍.
ഒന്നാം സ്ഥാനത്ത് എം കെ ഗ്രൂപ്പ് എം ഡി എം എ യൂസുഫലി. രണ്ടാം സ്ഥാനത്ത് മലയാളി തന്നെയായ ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള. എട്ടാം സ്ഥാനത്ത് ശോഭ ഡെവലപ്പേഴ്‌സ് എം ഡി പി എന്‍ സി മേനോന്‍. 12-ാംസ്ഥാനത്ത് അസ്ദ പി ആര്‍ ഏജന്‍സി സി ഇ ഒ സുനില്‍ ജോണ്‍, 17-ാം സ്ഥാനത്ത പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപകന്‍ കെ വി ശംസുദ്ദീന്‍. 18-ാം സ്ഥാനത്ത് ജെംസ് ചെയര്‍മാന്‍ സണ്ണിവര്‍ക്കി, 22-ാം സ്ഥാനത്ത് ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ഡോ. രവി പിള്ള. 80,000 തൊഴിലാളികള്‍ രവി പിള്ളക്കു കീഴിലുണ്ടെന്ന് അറേബ്യന്‍ ബിസിനസ് ഡോട്ട് കോം ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യോത്പന്ന വിതരണ രംഗത്തുള്ള അല്ലാന ഗ്രൂപ്പിന്റെ മേധാവി ഫിറോസ് അല്ലാനയാണ് മൂന്നാം സ്ഥാനത്ത്.
മലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരനായ എന്‍ എം സി ഗ്രൂപ്പ് മേധാവി ഡോ. ബി ആര്‍ ഷെട്ടി അഞ്ചാം സ്ഥാനത്തുണ്ട്. ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോനാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റൊരു മലയാളി.
നിരവധി സാമ്പത്തിക സെമിനാറുകള്‍ സംഘടിപ്പിച്ച വ്യക്തിയെന്ന നിലയിലാണ് കെ വി ശംസുദ്ദീന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സുലേഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സ്ഥാപകയായ ഡോ. സുലേഖ ദൗദാണ് പട്ടികയില്‍ ഇടം പിടിച്ച ഏക വനിത. 29 സ്ഥാനമാണ് പട്ടികയില്‍ അവര്‍ക്കുള്ളത്.

 

Latest