Connect with us

Gulf

സ്‌കൈകോര്‍ട്ട് ടവറില്‍ അഗ്നി ബാധ; സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

ദുബൈ: സ്‌കൈകോര്‍ട്ടിന്റെ ബി ടവറിലുണ്ടായ അഗ്നിബാധയെക്കുറിച്ച് ദുബൈ സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവില 8.14നായിരുന്നു കെട്ടിടത്തില്‍ തീ പടര്‍ന്നത്. മൂന്നു മണിക്കൂര്‍ ശ്രമപ്പെട്ടായിരുന്നു തീ അണച്ചത്. ടവറിലെ താമസ കേന്ദ്രങ്ങളില്‍ തീ പിടിച്ചതായി നേരത്തെ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിരുന്നു. ടവറിന്റെ മുകളിലെ നിലിലായിരുന്നു തീ പടര്‍ന്നത്. പുറത്തു നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗരമനം. അതിനാല്‍ അപാര്‍ട്ട്‌മെന്റുകള്‍ക്ക് കൂടുതല്‍ നാശം നേരിട്ടിട്ടില്ല. രാവിലെ 8.14നായിരുന്നു തീ പടന്നതായി ഓപറേഷന്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്ത് കുതിച്ചെത്തുകയും 11.34 ഓടെ തീ പൂര്‍ണമായും അണക്കുകയുമായിരുന്നു. 

താമസക്കാരെ മാറ്റിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയത്. തീ പിടുത്തത്തിന്റെ കാരണമാണ് സിവില്‍ ഡിഫന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തീ പിടുത്തത്തില്‍ കെട്ടിടത്തിന്റെ പുറം ഭാഗങ്ങള്‍ക്ക് വലിയ നാശം നേരിട്ടിട്ടുണ്ട്. ടവറിലെ 16ാം നിലയിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. ഇതിന് മുകളിലുള്ള രണ്ട് നിലകള്‍ക്കും നാശം നേരിട്ടിട്ടുണ്ട്. കെട്ടിട ഉടമകളായ സ്‌കൈകോര്‍ട്ടിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ 16ാം നില തീപിടുത്തത്തില്‍ നശിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. 17ഉം 18ഉം നിലകളിലേക്ക് തീ പടര്‍ന്നതായും പേജ് വെളിപ്പെടുത്തുന്നു. ടവറിന്റെ ഇടനാഴിയിലാണ് പുക കണ്ടതെന്ന് കെട്ടിടത്തിലെ താമസക്കാരില്‍ ഒരാളായ പ്രമോദ് മോഹന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് എത്തി ഒരോ നിലയിലുമുള്ളവരെ ഫഌറ്റുകളില്‍ നിന്നു മാറ്റുകയായിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടവര്‍ ബിയിലെയും സി യിലെയും ജലവൈദ്യുതി ബന്ധങ്ങള്‍ സിവില്‍ ഡിഫന്‍സ് വിച്ഛേദിച്ചിരുന്നു.