Connect with us

Wayanad

എന്‍ജിനീയറിംഗ് കോളജിലെ ബോയ്‌സ് ഹോസ്റ്റല്‍ ഇനിയും തുറന്നില്ല

Published

|

Last Updated

കല്‍പ്പറ്റ: പുതിയതായി എംടെക് കോഴ്‌സ് ആരംഭിച്ചും പാര്‍ട്ട്‌ടൈം ബിടെക് കോഴ്‌സുകള്‍ തുടങ്ങിയും വികസനകുതിപ്പിലേക്ക് വയനാട് എന്‍ജിനീയറിംഗ് കോളജ് നീങ്ങുമ്പോഴും യുജിസിയുടെയും സര്‍ക്കാരിന്റെയും ലക്ഷകണക്കിന് ഫണ്ടുകള്‍ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നആരോപണം ശക്തമായി.
ഫെബ്രുവരിയില്‍ പണി പൂര്‍ത്തീകരിച്ച ബോയ്‌സ് ഹോസ്റ്റല്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഹോസ്റ്റല്‍ ഇതുവരെയായിട്ടും വിദ്യാര്‍ഥികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ലക്ഷത്തിലധികം മാസശമ്പളം കൈപ്പറ്റുന്ന നിരവധി അധ്യാപകര്‍ ഇവിടെയുണ്ട്. ഇത്തരത്തിലൊരു അധ്യാപിക ബിടെകിന് ഒരു സെമസ്റ്ററില്‍ ക്ലാസെടുത്തത് ഒരുമണിക്കൂര്‍ മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. പല അധ്യാപകരും ഇത്തരത്തിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രബലമല്ലാത്തതിനാല്‍ ആരും പരാതിപ്പെടുന്നില്ലെന്നുമാത്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് കെല്‍ട്രോണ്‍ കോളേജില്‍ സ്ഥാപിച്ച പഞ്ചിംഗ് സംവിധാനം പലരും ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്ന പലരും പഞ്ച് ചെയ്ത് മുങ്ങുന്നു. ഇത്തരക്കാരെ കണ്ടെത്താനുള്ള ഫലപ്രദമായ സംവിധാനവും സ്ഥാാപനത്തിലില്ല, കണ്ടെത്തിയാല്‍തന്നെ മേലധികാരികള്‍ ഇവര്‍ക്കുനേരെ കണ്ണടക്കുന്നു. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന കോളജിന്റെ പുതിയ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. തലനാരിഴയ്ക്കാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംരക്ഷണ ഭിത്തി കെട്ടിടത്തിന്റെ മുകളിലേക്കായിരുന്നു വീണത്.
പുതിയ കെട്ടിടങ്ങള്‍ക്ക് മഴവെള്ളസംഭരണി നിര്‍ബന്ധമാണെന്നിരിക്കെ ഇത്തരത്തിലുള്ള സംവിധാനങ്ങളൊന്നും കോളജിലില്ല. റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് എന്താണെന്ന്‌പോലും വയനാട് എഞ്ചിനീയറിംഗ് കോളേജിന് അറിയില്ല. നൂതന സാങ്കേതി വിദ്യ വയനാടിന് പ്രധാനം ചെയ്യേണ്ട സ്ഥാപനം മംഗള്‍യാന്‍ വിജയം കണ്ടില്ലെന്ന് നടിച്ചു. ജില്ലയിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍പോലും മംഗള്‍യാന്‍ വിജയം സമുചിതമായി ആഘോഷിച്ചപ്പോള്‍ നൂതന സാങ്കേതി വിദ്യയുടെ സ്ഥാപനം അത് കണ്ടില്ലെന്ന് നടിച്ചു. ലക്ഷങ്ങള്‍ ചിലവഴിച്ച്‌കോളജിലേക്ക് വാങ്ങിയ 50 ല്‍ അധികം കമ്പ്യൂട്ടറുകള്‍ രണ്ട് വര്‍ഷത്തിലധികമായി പെട്ടിയില്‍ തന്നെ നിദ്രയിലാണ്. ഇത് സംബന്ധിച്ച് കോളജില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു.
പരിശോധനയില്‍ പെട്ടിയില്‍ നിന്ന് എടുക്കാത്ത മിഷ്യനുകള്‍ എഴുതിതള്ളുന്നതിനെകുറിച്ചാണ് അന്വേഷിച്ചത്. എന്നാല്‍ പുതിയവ ഉപയോഗിക്കാത്തതിനെകുറിച്ച് പരാതി ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് വേണ്ട പ്രോജക്ടറുകളുടെ സ്ഥിതിയും ഇതുതന്നെ. ഒരുകോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന സെന്‍ട്രലൈസ്ഡ് നെറ്റ്‌വര്‍ക്കിംഗ് സിസ്റ്റം രണ്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല. വിദ്യാര്‍ഥികള്‍ക്കുവേണ്ട പ്രോജക്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പുതിയ കമ്പ്യൂട്ടറുകള്‍ എന്നിവ രേഖയില്‍ വാങ്ങിയതല്ലാതെ അന്വേഷിക്കുമ്പോള്‍ പലപ്പോഴും കോളേജില്‍ ഉണ്ടാകാറില്ല. കോളേജിലെ പല മുറികളും പൂട്ടിയിട്ടിരിക്കുമ്പോഴും ഒന്നാംവര്‍ഷ എംടെക് വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടമൊരുക്കിയത് സ്റ്റാഫ്‌റൂം പകുത്തുകൊണ്ടാണ്.
ടെക്യുപ് പരിപാടിയോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥിസംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടറുകള്‍ മോഷ്ടിക്കപ്പെട്ടു എന്നപരാതിയില്‍ വിദ്യാര്‍ത്ഥിസമരം നടക്കുകയും തുടര്‍ന്ന് കോളേജിലെ രണ്ട് കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ ധാരണയായി. ഈ കമ്പ്യൂട്ടറുകളുടെ ഉറവിടം വെളിപ്പെടുത്താനും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് മറ്റ് വിദ്യാര്‍ഥിസംഘടനകള്‍ പരാതിപ്പെടുന്നു.

 

Latest