Connect with us

Wayanad

മാനന്തവാടിയില്‍ മാവോവാദി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

Published

|

Last Updated

മാനന്തവാടി: മാവോവാദികള്‍ക്കായി പ്രത്യേക അന്വക്ഷണസംഘം വയനാട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ മാവോവാദി അനുകൂല പോസ്റ്ററുകളും, ലഘുലേഖകളും മാനന്തവാടിയില്‍ പതിച്ചു.
മാനന്തവാടി ഗവ: കോളേജ് ക്യാമ്പസിലും, ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലുമാണ് പോസ്റ്ററുകളും, ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്.
ഞായറാഴ്ച്ച രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി എന്ന പേരിലാണ് പോസ്റ്ററുകളും, ലഘുലേഖകളും വ്യാപകമായി വിതറുകയും, പതിക്കുകയും ചെയ്തത്. സി.പി.ഐ. മാവോയിസ്റ്റ് രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തെ ഉയര്‍ത്തിപിടിക്കുക, കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, സംസ്ഥാനത്ത് സായുധ കാര്‍ഷിക വിപ്ലവ രാഷ്ട്രീയം ആഴത്തിലും, പരപ്പിലുമാക്കാന്‍ വര്‍ഗസമരം തീവ്രമാക്കുക, വെള്ളത്തിനും, മണ്ണിനും, കാടിനുംമേല്‍ ജനകീയാധീകാരം സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ബഹുമുഖ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുക, തുടങ്ങിയവയാണ് നോട്ടീസിലെയും, പോസ്റ്ററുകളിലെയും പ്രധാന ഉള്ളടക്കം. ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്ററുകള്‍ക്ക് പുറമെ കളര്‍ പോസ്റ്ററുകളും കൂട്ടത്തിലുണ്ട്. സംഭവം അറിഞ്ഞതോടെ മാനന്തവാടി പോലീസ് സ്ഥലത്തെത്തി ലഘുലേഖയും, പോസ്റ്ററുകളും ശേഖരിച്ച് സ്റ്റേഷനിലെത്തിച്ചു മാവോവാദികള്‍ കോളനികളില്‍ കയറി വീട്ടുകാരെ കണ്ടിരുന്നുവെങ്കിലും നഗരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് വയനാട്ടില്‍ ഒറ്റപ്പെട്ട സംഭവമാണ്. അതുകൊണ്ട് തന്നെ പോലീസ് ഇതിനെ ഗൗരവമായി തന്നെയാണ് കാണുന്നത്.
ഇക്കഴിഞ്ഞ 14 ന് രാത്രി തലപ്പുഴ മക്കിമല കുറിച്യ കോളനിയില്‍ മാവോവാദി സംഘം എത്തിയിരുന്നു. ഇവിടെ വനത്തോട് ചേര്‍ന്ന്കിടക്കുന്ന മൂന്ന് വീടുകളിലാണ് ഇവര്‍ എത്തിയത്. മാവോവാദികള്‍ “കാട്ടുതീ” യുടെ 14 ാം ലക്കം ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിതുന്നു. ഇതിനെ തുടര്‍ന്ന് ആന്റി നക്‌സല്‍ സ്‌ക്വാഡ് വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായില്ല. . പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്താമാക്കാനാണ് പോലീസിന്റെ തീരുമാനം.