Connect with us

Malappuram

മൂന്നിയൂര്‍ ഹൈസ്‌കൂളിലെ അധ്യാപകന്റെ മരണം: മാനേജറുടെ വീട്ടിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂള്‍ മാനേജര്‍ വിപി സൈതലവിയുടെ വീട്ടിലേക്ക് ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
നാല് പോലീസുകാര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരുക്ക്. 17പേര്‍ അറസ്റ്റില്‍. മൂന്നിയൂര്‍ ഹൈസ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തിനുത്തരവാദിയായ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിവ് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയമാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
500ഓളം പേര്‍പങ്കെടുത്ത മാര്‍ച്ച് മാനേജര്‍ സൈതലവിയുടെ വീടിന് സമീപം റോഡില്‍ പോലീസ് തടഞ്ഞതോടെ പോലീസിന് നേരെ കല്ലേറ് നടന്നു. ഇതേതുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. കല്ലേറില്‍ പരുക്ക് പറ്റിയ വാഴക്കാട് ഗ്രേഡ് എസ്‌ഐ അബൂബക്കര്‍ (50), കൊണ്ടോട്ടി സ്റ്റേഷനിലെ പോലീസ് മുരളീധരന്‍ (45)എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മലപ്പുറം എആര്‍ ക്യാമ്പിലെ കെ റിയാസ് (35), തിരൂരങ്ങാടി സ്റ്റേഷനിലെ എ എസ് ഐ സലീഷ് (45) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി പി എം ഏരിയാകമ്മിറ്റി അംഗം പി പ്രഭാകരന്‍ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വി ബനീഷ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ വിനീഷ് ഗൗഷിക് എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 17പേരെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പോലീസിനെ അക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തിരൂരങ്ങാടി പോലീസിന് പുറമെ തേഞ്ഞിപ്പലം വേങ്ങര കൊണ്ടോട്ടി വാഴക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നും മലപ്പുറം എ ആര്‍ ക്യാമ്പില്‍നിന്നുമായി ശക്തമായ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
മൂന്നിയൂര്‍ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന കെകെ അനീഷിനെ ഒരുവര്‍ഷം മുമ്പാണ് മാനേജര്‍ പിരിച്ചുവിട്ടത്. ഇതിന്റെ പേരില്‍ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇദ്ദേഹത്തെ പാലക്കാട് മലമ്പുഴയിലെ വാടകമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

Latest