Connect with us

Kozhikode

ആദിവാസി വീടുകള്‍ തൊഴുത്തിനേക്കാള്‍ മോശം; ഷീറ്റുമായി ജനമൈത്രി പോലീസെത്തി ശുചീകരിച്ചു

Published

|

Last Updated

നാദാപുരം: രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച അടുപ്പില്‍ ആദിവാസി കോളനിയിലെ വീടുകള്‍ ചോര്‍ന്നൊലിച്ച് താമസയോഗ്യമല്ലാതായി. കാലിത്തൊഴുത്തിനേക്കാള്‍ മോശമായ വീടുകള്‍ ഏത് നിമിഷവും തകരുമെന്ന നിലയിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ സര്‍ക്കാര്‍ 40 വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇതില്‍ ഏഴ് വീടുകളില്‍ ഇപ്പോള്‍ താമസമില്ല. നാല് വീടുകള്‍ പൊളിച്ചുമാറ്റി. അവശേഷിക്കുന്നവയാണ് ചോര്‍ന്നൊലിക്കുന്നത്. അകം മുഴുവന്‍ വെള്ളം നിറഞ്ഞ് ചെളി നിറഞ്ഞിരിക്കുകയാണ്. തൊഴുത്തിനേക്കാള്‍ മോശമാണിപ്പോഴത്തെ സ്ഥിതി.
ചോര്‍ച്ച തുടങ്ങിയപ്പോള്‍ 2012ല്‍ ഗ്രാമപഞ്ചായത്ത് വീടിന് പഌസ്റ്റിക് ഷീറ്റ് ഇട്ടിരുന്നു. അത് നശിച്ചതോടെ ആരും തിരിഞ്ഞു നോക്കിയില്ല. ഇതുകാരണം മഴ വെള്ളം മുഴുവന്‍ മുറിക്കുള്ളില്‍ തന്നെ കെട്ടിക്കിടന്നു. ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലായ ഇവരുടെ ദുരിതമറിഞ്ഞ് ജനമൈത്രീ പോലീസ് ഇന്നലെ ഇരുപതോളം ഷീറ്റുമായെത്തി. മുറിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം മുക്കി ഒഴിവാക്കി ശുചീകരിച്ചാണ് വീടിന് മുകളില്‍ ഷീറ്റിട്ടത്. 20 വീടുകള്‍ക്ക് ഷീറ്റിട്ടിട്ടുണ്ട്. കോണ്‍ക്രീറ്റ് വീടുകളും കുടിലുകളും ഇവിടെയുണ്ട്. 64 കുടുംബങ്ങളാണുള്ളത്.

Latest