Connect with us

International

13 വര്‍ഷത്തെ അധിനിവേശാനന്തരം ബ്രിട്ടന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിഞ്ഞു

Published

|

Last Updated

ക്യാമ്പ് ലെതര്‍നെക്/ അഫ്ഗാനിസ്ഥാന്‍: നീണ്ട 13 വര്‍ഷത്തെ രക്തരൂക്ഷിതമായ അധിനിവേശത്തിന് ശേഷം ബ്രിട്ടന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിയുന്നു. അഫ്ഗാനിസ്ഥാനിലെ അവസാന ബ്രിട്ടീഷ് സൈനികര്‍ ഔദ്യോഗികമായി ഇന്നലെയാണ് ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബ്രിട്ടനിലേക്ക് മടങ്ങിയത്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വന്‍ സൈനിക കേന്ദ്രങ്ങള്‍ അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കൈമാറുകയും ചെയ്തു. അന്താരാഷ്ട്ര സൈനികരുടെ പ്രദേശിക ആസ്ഥാനങ്ങളിലെ പതാകകളെല്ലാം താഴ്ത്തുകയും ചെയ്തു. അതേസമയം, സുരക്ഷാ കാരണങ്ങളുടെ പേരില്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്ന് സൈന്യം ബ്രിട്ടനിലേക്ക് മടങ്ങുന്ന സമയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ സൈനിക ക്യാമ്പ് ലെതര്‍നെകും അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കൈമാറാനിരിക്കുകയാണ്. ഇതിന് തൊട്ടടുത്തുള്ള ബാസ്റ്റ്യണ്‍ ക്യാമ്പ് ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്ഥാന് കൈമാറി.
അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഉസാമബിന്‍ലാദന്‍ വേട്ടയെന്ന പേരിലാണ് ബ്രിട്ടന്‍ പതിമൂന്ന് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരംഭിച്ചത്.
അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിനിടെ പതിനായിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അതേസമയം, തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയാണോ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഇപ്പോഴും ആശങ്കയിലാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികര്‍ ഇവിടെ നിന്ന് പിന്‍വാങ്ങുന്നതോടെ വീണ്ടും രാജ്യം പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങിപ്പോകാനുള്ള എല്ലാ സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ, താലിബാന്‍ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയത് ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. പതിമൂന്ന് വര്‍ഷം അധിനിവേശത്തിനിടെ 453 ബ്രിട്ടീഷ് സൈനികരും 2349 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു.
ബ്രിട്ടന്റെ അഫ്ഗാന്‍ ദൗത്യത്തിനിടെ ധാരാളം പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. താലിബാന്‍ തീവ്രവാദത്തെ പൂര്‍ണമായി പിഴുതെറിയാനായിട്ടില്ല. അതേസമം ഇനിയുള്ള ഉത്തരവാദിത്വം അഫ്ഗാനിസ്ഥാനാണ്. വേണ്ടത്ര സംവിധാനങ്ങള്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഇവിടെ നിന്ന് ധാരാളം പാഠങ്ങള്‍ മനസ്സിലാക്കി. എന്ത് സാഹചര്യം വന്നാലും ഇനിയൊരിക്കലും അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടീഷ് സേന മടങ്ങിവരില്ലെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.