Connect with us

National

ആധാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുകൂലം

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ പദ്ധതി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗുണഭോക്താക്കള്‍ക്ക് ഏത് സമയത്തും എവിടെയും എങ്ങനെയും അത് ആധികാരികത ഉറപ്പ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് മാത്രം അനുവദിക്കുന്ന ഒരു ആധാര്‍ നമ്പര്‍, ആ വ്യക്തിയെ തിരിച്ചറിയാനുള്ള സാര്‍വത്രിക ഉറപ്പായി കണക്കാക്കുമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ആവശ്യക്കാര്‍ക്ക് ഇതുപയോഗിച്ച് ബേങ്കിംഗ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യു പി എക്കെതിരെയുള്ള പ്രധാന ആയുധമായി ആധാര്‍ വിഷയം ബി ജെ പി ഉന്നയിച്ചിരുന്നു.
ഒരു വ്യക്തിയെ സംബന്ധിച്ച ബയോമെട്രിക് അടക്കമുള്ള അടിസ്ഥാന വിവരങ്ങള്‍ ആധാറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ എല്ലാതരം അധാര്‍മിക വ്യാജ ഭീഷണികളും ഇല്ലാതാക്കാന്‍ സാധിക്കും. സാര്‍വത്രിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ അതിന്റെ ഉടമസ്ഥന് നല്‍കുന്നത്. തിരിച്ചറിയല്‍ പ്രക്രിയ ഉറപ്പിക്കുന്നതിനുള്ള ഏക സ്രോതസ്സായി അത് മാറും. മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
ആധാര്‍ അവതരിപ്പിക്കപ്പെട്ട ശേഷം ആഭ്യന്തര മന്ത്രിമാരായിരുന്ന പി ചിദംബരവും സുശീല്‍ കുമാര്‍ ഷിന്‍ഡെയും അനുവര്‍ത്തിച്ച നയത്തില്‍ നിന്ന് തീര്‍ത്തും പിന്നാക്കം പോയിരിക്കുകയാണ് ഇപ്പോള്‍ രാജ്‌നാഥ് സിംഗ്. യു ഐ ഡി എ ഐയുടെ വിശ്വാസ്യതയെ സംബന്ധിച്ച് യു പി എ ഭരണകാലത്ത് ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തിരിച്ചറിയലിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ഏകീകൃത തിരിച്ചറിയല്‍ ആവശ്യമല്ല. ആധാര്‍ നമ്പര്‍ ലഭിക്കുന്നതിന് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖകളില്‍ നേരത്തെ ആഭ്യന്തര മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ആധാറിന്റെ ഗുണങ്ങള്‍ നിരവധിയാണെന്നും വിവിധയിടങ്ങളില്‍ ഒരാളെ തിരിച്ചറിയാന്‍ എളുപ്പം സാധിക്കുമെന്നും പുതിയ കത്തില്‍ മന്ത്രാലയം പറയുന്നു. ബേങ്ക് അക്കൗണ്ടിന് ഉപഭോക്താവിനെ അറിയല്‍ (കെ വൈ സി) റിസര്‍വ് ബേങ്ക് നിര്‍ബന്ധമാക്കിയതിനാല്‍ ഇതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഭൂരിഭാഗം സര്‍ക്കാര്‍ സേവനങ്ങളും ആധാറുമായി ബന്ധപ്പെടുത്താനാണ് സര്‍ക്കാറിന്റെ നീക്കം. 2010 ആഗസ്റ്റ് മുതല്‍ കഴിഞ്ഞ ആഗസ്റ്റ് 31 വരെ 67.38 കോടി ആധാര്‍ നമ്പറുകളാണ് യു ഐ ഡി എ ഐ നല്‍കിയത്. ഇതിന് 4906 കോടി രൂപയാണ് ഇതുവരെ ചെലവായത്.