Connect with us

Kerala

എല്‍ ഡി എഫ് നികുതി നിഷേധ സമരം പാളുന്നു

Published

|

Last Updated

നിലമ്പൂര്‍: യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭൂനികുതിയും വെള്ളക്കരവും കുത്തനെ ഉയര്‍ത്തിയ സഹചര്യത്തില്‍ എല്‍ ഡി എഫ് പ്രഖ്യാപിച്ച നികുതി നിഷേധ സമരം പാളുന്നു. നികുതി വര്‍ധനവിനെതിരെ പൊതു ജനപങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ് സംസ്ഥാന നേതൃത്വം പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും കീഴ് ഘടകങ്ങളില്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് തലസ്ഥാനത്ത് നടത്തിയ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനവും ജില്ലാ കലക്ടറേറ്റുകളില്‍ ധര്‍ണയും മാത്രമാണ് ഇതിനകം സംഘടിപ്പിക്കാനായത്.
പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മണ്ഡലങ്ങളില്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ നടത്തിയിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും പരാജയമായിരിന്നുവെന്നാണ് സൂചന. പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞതും നിസ്സഹകരണവും ഏറെ ചര്‍ച്ചക്കിടയായിട്ടുമുണ്ട്. സെപ്തംബര്‍ അവസാന വാരത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ നടത്താനിരുന്ന പ്രക്ഷോഭ പരിപാടികളും പൂര്‍ത്തീകരിക്കാനായിട്ടില്ല. എല്‍ ഡി എഫ് പ്രതിപക്ഷത്തിരിക്കുന്ന പഞ്ചായത്തുകളില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും മാത്രമാണ് സമര സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള പദ്ധതിയായി മാറിയത്. വാര്‍ഡ് കമ്മിറ്റി യോഗങ്ങളും വീടുകള്‍ സന്ദര്‍ശിച്ച് പൊതു ജനങ്ങളില്‍ നികുതി നിഷേധ ബോധവത്കരണം നടത്താനുള്ള നീക്കവും സാധ്യമായില്ല. സി പി എം പ്രഖ്യാപിച്ച സമ്പൂര്‍ണ സര്‍വെ ചില ഭാഗങ്ങളില്‍ നടക്കുന്നുമുണ്ട്. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും നികുതി പിരിവ് ഊര്‍ജിതമായി നടക്കുന്നുണ്ട്. മുന്നണിയിലെ പ്രധാന കക്ഷികളായ സി പി എമ്മും സി പി ഐ യും പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതും സമരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളുടേയും ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ ജന വിരുദ്ധ നിലപാട് നികുതി വര്‍ധനവാണെന്ന് വ്യക്തമാണെങ്കിലും ജനവികാരം കൃത്യമായി തിരിച്ചു വിടാനാകാത്തതും പ്രഖ്യാപിച്ച സമരം വിജയിപ്പിക്കാനാവാത്തതും സര്‍ക്കാറിന് അനുകൂലമായി മാറി. സര്‍ക്കാറിനെതിരെ ജന വികാരം ഇളക്കിവിടാനുള്ള സഹചര്യവും ഇതോടെ പ്രതിപക്ഷത്തിന് നഷ്ടമാവുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ജനരോഷം ശക്തമാണെങ്കിലും സമരം വേണ്ടത്ര ശക്തമാകാത്ത സ്ഥിതിയാണ് ഉള്ളത്.