Connect with us

Kerala

നിയമം കൈയിലെടുക്കുന്ന സദാചാര ഗുണ്ടായിസം വ്യാപകമാകുന്നു

Published

|

Last Updated

down town hotelകോഴിക്കോട്: നിയമ സംവിധാനങ്ങളെയും നിയമപാലകരെയും നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കുന്ന സദാചാര ഗുണ്ടായിസം വ്യാപകമാകുന്നു. സദാചാര പ്രവര്‍ത്തനങ്ങള്‍ തടയുകയോ തിരുത്തുകയോ ചെയ്യുന്നതിന് പകം നിയമം കൈയിലെടുത്ത് ഗുണ്ടായിസം കാണിക്കുന്നതാണ് പതിവാകുന്നത്. അവസരം മുതലെടുക്കുന്ന ഇത്തരം സംഘങ്ങള്‍ ധാര്‍മിക സദാചാര മൂല്യങ്ങളല്ല പകരം ചില മുതലെടുപ്പുകളാണ് ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ സദാചാരവാദികളായി ചാടി വീഴുന്നത് വാര്‍ത്താപ്രാധാന്യവും രാഷ്ട്രീയ ലക്ഷ്യവും വെച്ചാണ്. യുവതീയുവാക്കള്‍ക്ക് ആശാസ്യമല്ലാത്ത രീതിയില്‍ ഇടപഴകാന്‍ അവസരമൊരുക്കുന്നു എന്നാരോപിച്ച് കോഴിക്കോട് സ്വകാര്യ റസ്റ്റോറന്റിന് നേരെയാണ് അവസാനം സദാചാര പൊലീസുകാരുടെ അക്രമമുണ്ടായത്. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സദാചാരവാദികളായെത്തി നഗരത്തിലെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റിനെതിരെ അക്രമം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താനുള്ള ശ്രമമാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സദാചാര പോലീസ് കൊലപ്പെടുത്തിയ ഷഹീദ്ബാവ വധക്കേസിലെ പ്രതികള്‍ക്ക് അടുത്തിടെയാണ് കോഴിക്കോട് മാറാട് കോടതി ശിക്ഷ വിധിച്ചത്. 2011 നവംബര്‍ ഒമ്പതിന് അവിഹിത ബന്ധം ആരോപിച്ച് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ കൊടിയത്തൂര്‍ ചുള്ളിക്കാപറമ്പ് തേലേരി വീട്ടില്‍ ഷഹീദ് ബാവയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.
സദാചാര പൊലീസ് ചമഞ്ഞെത്തിയവരുടെ മര്‍ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത സംഭവവും അടുത്തിടെ ജില്ലയിലുണ്ടായി. പന്തീരാങ്കാവ് പാറക്കുളം സ്വദേശി കൊളക്കാട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ ഷിജിനെ ആണ് മാവൂര്‍ റോഡിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യടിമേത്തലിലെ ഒരു വീട്ടില്‍ വെച്ച് യുവാവിനെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം പിടികൂടുകയും മരത്തില്‍ കെട്ടിയിട്ട് അടിക്കുകയും ചെയ്തിരുന്നു. ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവാവിന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത യുവാവ് നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.
സദാചാര പൊലീസ് ഇടപെടല്‍ അടുത്തിടെ ഒരു യുവതിയുടെ ജീവനുമെടുത്തു. തൊട്ടില്‍പ്പാലം കുന്നത്തുമ്മല്‍ ആയിലോട്ട് മീത്തല്‍ പ്രസീനയാണ് ആത്മഹത്യ ചെയ്തത്.
ഭര്‍ത്തൃമതിയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വീടിന് മുന്നില്‍ കൊണ്ടുവന്ന് ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
മംഗലാപുരത്തും മറ്റും ശ്രീരാമസേന ഉള്‍പ്പെടെ കാണിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മാതൃകയിലാണ് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. നിയമം കൈയിലെടുത്ത് ചിലര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
സത്യമറിയുന്നതിന് മുമ്പേ നിയമപാലകരെ വിവരം ധരിപ്പിക്കാന്‍ പോലും ശ്രമിക്കാതെ ചിലര്‍ കാണിക്കുന്ന ആവേശപ്രകടനം ജീവന്‍ അപഹരിക്കാനും മാനഹാനി വരുത്താനുമൊക്കെയാണ് കാരണമാകുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂ. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എ ഡി ജി പി ശങ്കര്‍റെഡി പ്രതികരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest