Connect with us

Kasargod

മലയോരത്ത് വന്‍തോതില്‍ മദ്യക്കടത്ത്; ബസുകള്‍ തടഞ്ഞ് പരിശോധന

Published

|

Last Updated

രാജപുരം: കര്‍ണാടകയിലെ ചെമ്പേരിയില്‍ നിന്ന് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്ക് വന്‍ തോതില്‍ മദ്യക്കടത്ത്. ഇതേ തുടര്‍ന്ന് പാണത്തൂരില്‍ പോലീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന ശക്തമാക്കി. സന്ധ്യ സമയങ്ങളില്‍ ചെമ്പേരി ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വിദേശ മദ്യം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
ബസുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പേരിയിലെ മദ്യശാലയില്‍ നിന്നും മദ്യംവാങ്ങി ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്ന സംഘം രാജപുരം, പാണത്തൂര്‍, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ സജീവമാണ്.
കേരളത്തിലെ ഭൂരിഭാഗം ബാറുകളും പുതിയ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയതോടെ ചെമ്പേരി ഉള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജില്ലയിലെ മലയോര മേഖലകളിലേക്ക് മദ്യം കടത്തുന്നുണ്ട്. ചില ബസുകളില്‍ പോലും മദ്യവില്‍പ്പനക്കാര്‍ മദ്യം കടത്തുന്നുണ്ട്. ചെമ്പേരിയില്‍ നിന്നും വാഹനങ്ങളിലൂടെയുള്ള മദ്യക്കടത്ത് പെരുകിയതോടെ മലയോരപ്രദേശങ്ങളില്‍ സമാന്തരബാറുകളും തുറന്നിരിക്കുകയാണ്.
ഇത്തരം ബാറുകളില്‍ രാപ്പകല്‍ ഭേദമന്യേയാണ് കച്ചവടം പൊടിപൊടിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ഇറച്ചി നന്നായി പാചകം ചെയ്ത് സമാന്തരബാറുകളില്‍ മദ്യത്തോടൊപ്പം വില്‍പ്പന നടത്തുന്നുണ്ട്. രുചികരമായ മുയലിറച്ചിക്കാണ് ഏറെ ഡിമാന്‍ഡ്. മദ്യവും മുയലിറച്ചിയും മലയോരത്തെ മദ്യപാനികളുടെ ഒരു ദൗര്‍ബല്യമായി മാറിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ ചില കോളനികളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വില്‍പ്പനയും വ്യാപകമാണ്. വിദേശമദ്യം കടത്തിന് പുറമെ കറുത്തവെല്ലവും രാസപദാര്‍ഥങ്ങളും ചേര്‍ത്തുള്ള വ്യാജ മദ്യനിര്‍മാണവും സജീവമാണ്. വനമേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് നിര്‍മിക്കുന്ന സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂടങ്കല്ല്-അയ്യങ്കാവ് റോഡരികിലെ വനത്തില്‍റെയ്ഡ് നടത്തിയ പോലീസ് സംഘം നൂറ് ലിറ്റര്‍ വാഷ് പിടികൂടിയിരുന്നു. എന്നാല്‍ മദ്യവില്‍പ്പനക്കാരനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. മദ്യവില്‍പ്പനക്കാരനായ ബാബു എന്നയാളാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ബാബുവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാജപുരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ്‌സ്റ്റേഷന്‍ പരിധികളില്‍ പോലീസിന് പുറമെ എക്‌സൈസും മദ്യവേട്ടക്കിറങ്ങിയിട്ടുണ്ട്.
വനപ്രദേശങ്ങളിലെ വ്യാജ മദ്യ വില്‍പ്പന തടയുക എന്നത് പോലീസിനെയും എക്‌സൈസിനെയും സംബന്ധിച്ച് ദുഷ്‌കരമായി മാറുകയാണ്. ദുര്‍ഘടം നിറഞ്ഞ പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ പോലീസ് ഏറെ പാടുപെടുന്നു.